ബെംഗളൂരു: ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഗൂഗിളുമായി കൈകോര്‍ത്ത് ബെംഗളൂരു ട്രാഫിക് പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സിഗ്നലുകളിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി മാറുന്ന സംവിധാനമാണ് നഗരത്തില്‍ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗൂഗിളുമായി സഹകരിക്കുന്ന രാജ്യത്തെ ആദ്യ നഗരമാണ് ബെംഗളൂരു.
ഗൂഗിളിന്‍റെ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ്സ് കോണ്‍ഫിഗറേഷന്‍ ഒപ്‌റ്റിമൈസേഷനാണ് നടപ്പിലാക്കുക. ഇതിലൂടെ ഗതാഗത കുരുക്കില്‍പ്പെട്ട് സമയം നഷ്‌ടപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇതിന് പുറമേ യാത്രികര്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ റോഡുകളിലെ വേഗത പരിധി, ഗതാഗത കുരുക്കുള്ള റൂട്ടുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ മൂലം അടിച്ചിട്ട റോഡുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കും.
യാത്രികര്‍ക്ക് ഗതാഗത കുരുക്കുള്ള റൂട്ടുകള്‍ ഒഴിവാക്കി മറ്റ് റൂട്ടുകള്‍ തേടാനും ഗതാഗത കുരുക്കില്‍പ്പെട്ട് സമയം നഷ്‌ടപ്പെടുന്നതും അനാവശ്യ ഇന്ധന ചെലവ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഗൂഗിളിന്‍റെ പങ്കാളിത്തത്തോടെ കത്രിഗുപ്പേ നഗര പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഗൂഗിൾ മാപ്പിലൂടെ ലഭിച്ചതും ബെംഗളൂരു ട്രാഫിക് പൊലീസ് നല്‍കിയതുമായ ഡാറ്റയാണ് ഗൂഗിൾ പ്രൊജക്‌ടിനായി ഉപയോഗിച്ചത്.
പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ജങ്‌ഷനുകളില്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കുന്ന സമയത്തില്‍ ശരാശരി 20 ശതമാനം കുറവ് കാണിച്ചു. ഒരു ജങ്‌ഷനില്‍ മാത്രം പ്രതിദിനം 400 മണിക്കൂറും പ്രതിവര്‍ഷം 73,000 മണിക്കൂറും ഇതിലൂടെ ലാഭിക്കാനാകും. വരും ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിറ്റി ട്രാഫിക് ഡിവിഷന്‍ ജോയിന്‍റെ പൊലീസ് കമ്മിഷണര്‍ ബി.ആര്‍ രവികാന്തേ ഗൗഡ അറിയിച്ചു.