ബെംഗളൂരു :തമിഴ്‌നാടിന് കാവേരിയിലെ ജലം വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച (26.09.2023) നടത്താനിരുന്ന ബെംഗളൂരു ബന്ദിനൊപ്പം (Bengaluru Bandh) സെപ്‌റ്റംബര്‍ 29ന് കര്‍ണാടക ബന്ദും (Karnataka Bandh). കാവേരി താഴ്‌വരയിൽ മഴയില്ലാത്തതിനാൽ കൃഷ്‌ണരാജ സാഗര റിസർവോയർ (Krishna Raja Sagar Reservoir) ഉൾപ്പടെ വിവിധ അണക്കെട്ടുകള്‍ വറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലും തമിഴ്‌നാടിന് വെള്ളം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കര്‍ണാടകയിലെ കര്‍ഷക അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുള്ളത് (Bandhs Over Cauvery Dispute).
ബന്ദുകള്‍ എന്തിന് : തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം അടിയന്തരമായി നിര്‍ത്തിവയ്‌ക്കണമെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പ് കര്‍ഷകരുടെ സംഘടനയുടെ പ്രസിഡന്‍റ് കുറുബുരു ശാന്തകുമാര്‍ ഉള്‍പ്പടെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളാണ് ചൊവ്വാഴ്‌ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്‌തത്. ഇതിനിടെയാണ് കന്നഡ യൂണിയന്‍ പ്രസിഡന്‍റ് വട്ടാല്‍ നാഗരാജ് സെപ്റ്റംബര്‍ 29 ന് കര്‍ണാടക ബന്ദിനും ആഹ്വാനം ചെയ്‌തത്.
ഇതോടെ ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ബന്ദുകള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്‌ചത്തെ ബന്ദിന് പിന്തുണ നല്‍കണമെന്ന് കുറുബുരു ശാന്തകുമാര്‍ ഇവരോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് യോഗത്തിന് ശേഷം തീരുമാനമറിയിക്കാമെന്ന് വട്ടാല്‍ നാഗരാജ് അറിയിച്ചു. എന്നാല്‍ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന കന്നഡ യൂണിയന്‍റെയും-മറ്റ് കര്‍ഷക അനുകൂല സംഘടനകളുടെയും യോഗത്തില്‍ സമവായമാവാതെ പോയതോടെ ബെംഗളൂരു ബന്ദിനൊപ്പം കര്‍ണാടക ബന്ദിനും കളമൊരുങ്ങുകയായിരുന്നു.