ഒഡീഷ:കൈത്തറി വസ്ത്രങ്ങളില്‍ നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം നെയ്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഒഡിഷയിലെ സുബര്‍ണപൂരിയില്‍ ടൈ -ഡൈ നെയ്ത്ത് രീതി അല്ലെങ്കില്‍ ബന്ധകല (തുണിക്ക് നിറം കൊടുക്കുന്ന നെയ്ത്ത് രീതി) വളരെ പേരുകേട്ടതാണ്. സുബര്‍ണപൂരിലെ വിദഗ്ധരായ കൈത്തറി നെയ്ത്തുകാരുടെ കലാപരമായ കഴിവ് ഇവിടെ ദേശ സ്‌നേഹം കൂടി നിറഞ്ഞതാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ഐക്യ ഇന്ത്യയുടെ ഭൂപടം ഈ സാരികളില്‍ അതിമനോഹരമായി തുന്നിച്ചേര്‍ത്തിട്ടുണ്ട്.
രാജ്യത്തെ 28 സംസ്ഥാനങ്ങളുടേയും പേരുകള്‍ അവയുടെ ഭൂപടങ്ങള്‍ സഹിതം സാരിയുടെ മുന്താണിയില്‍ നേര്‍ത്ത നൂലുകള്‍ കൊണ്ട് നെയ്ത് പിടിപ്പിച്ചിരിക്കുകയാണ്. സാരിയുടെ ബോര്‍ഡറുകളിലും ഈ തുന്നലുകള്‍ എടുത്ത് കാണാം. ഇതിനൊപ്പം കര്‍ഷകര്‍ക്ക് സമൂഹത്തിലുള്ള പ്രാധാന്യം ചൂണ്ടികാട്ടുന്ന തരത്തില്‍ “ജയ് ജവാന്‍, ജയ് കിസാന്‍'' എന്നിങ്ങനെയുള്ള സന്ദേശങ്ങളും “ഞാന്‍ എന്‍റെ ഇന്ത്യയെ സ്‌നേഹിക്കുന്നു'' എന്നിങ്ങനെയുള്ള വാക്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. സുബര്‍ണപൂര്‍ ജില്ലയില്‍ ദുംഗുരിപാലിയിലെ സഹാല എന്ന ഗ്രാമത്തിലെ ഈശ്വര്‍ മെഹര്‍ എന്ന ടൈ ആൻഡ് ഡൈ നെയ്ത്തുകാരനാണ് അതിമനോഹരമായി ഈ ചിത്രങ്ങളെല്ലാം സാരിയില്‍ നെയ്തെടുത്തിട്ടുള്ളത്. ഈ അനുപമമായ ഭാവനക്ക് യഥാര്‍ത്ഥ രൂപം നല്‍കാന്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഇതിന് പുറമെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഈ അസാധാരണമായ സംരംഭത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.