മലപ്പുറം :പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് സമാനമായി ഹിന്ദുത്വ വര്‍ഗീയവാദം പ്രോത്സാഹിപ്പിക്കുന്ന ആര്‍എസ്എസിനെയും നിരോധിക്കണമന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നതിന്‍റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേയ്‌ക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം.
ആര്‍എസ്എസിനെയും നിരോധിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. രാജ്യത്തുടനീളം ഹിന്ദുത്വ വര്‍ഗീയവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അതിനാല്‍ ഈ രണ്ട് സംഘടനകളും തുല്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
'എന്തുകൊണ്ട് പിഎഫ്ഐ മാത്രം? ഭൂരിഭാഗം വര്‍ഗീയ പ്രവര്‍ത്തനങ്ങളും രാജ്യത്ത് സംഘടിപ്പിക്കുന്നത് ആര്‍എസ്എസാണ്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വര്‍ഗീയത എന്നത് രാജ്യത്തിന് ആപത്താണ്' - കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.
പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളെയും നിരോധിച്ചു :കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന അക്രമങ്ങളെ അപലപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആര്‍എസ്എസിനേയും വിശ്വഹിന്ദ് പരിഷത്തിനെയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളെന്ന് വിളിക്കുകയും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
പിഎഫ്ഐയെയും അതിന്‍റെ അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ട് ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 27) രാത്രിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. പിഎഫ്‌ഐക്ക് പുറമെ മുന്നണികളായ രെഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, അഖിലേന്ത്യ ഇമാമം കൗണ്‍സില്‍, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണല്‍ വുമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ തുടങ്ങിയവയെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
സെക്ഷൻ 3ലെ ഉപവകുപ്പ് (1)ല്‍ പറയുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ പിഎഫ്ഐയെയും അതിന്‍റെ അനുബന്ധ സംഘടനകളെയും മുന്നണികളെയും 'നിയമവിരുദ്ധമായ സംഘടനകൾ' ആയി പ്രഖ്യാപിച്ചത്. 1967ലെ (1967- 37) യുഎപിഎയുടെ സെക്ഷൻ 4 പ്രകാരമാണ് സംഘടനകളെ നിരോധിച്ചത്.
സെപ്‌റ്റംബർ 26ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്‌ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്‌ഡിപിഐ) കർണാടക ഘടകം തങ്ങളുടെ അംഗങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡുകളെ വിമര്‍ശിച്ചിരുന്നു. വർഗീയ വിദ്വേഷം പരത്തുന്ന ആർഎസ്എസിനും അതിന്‍റെ അനുബന്ധ സംഘടനകള്‍ക്കുമെതിരെ എന്തുകൊണ്ട് റെയ്‌ഡ് നടത്തുന്നില്ലെന്നും ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ചോദിച്ചു. പിഎഫ്ഐയ്‌ക്കെതിരെ സെപ്‌റ്റംബര്‍ 22ന് എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 106 അംഗങ്ങളെയാണ് അറസ്‌റ്റ് ചെയ്‌തത്.