ബാലസോര്‍ (ഒഡിഷ) : 108 ആംബുലന്‍സ് സര്‍വീസും ജനനി എക്‌സ്‌പ്രസ് സര്‍വീസുമൊന്നും തുണയ്‌ക്കെത്താതെ വന്നതോടെ ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ യുവതിക്ക് ഉന്തു വണ്ടിയില്‍ സുഖ പ്രസവം (Woman Gave Birth In Pushcart). ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ഒഡിഷയിലെ നീല്‍ഗിരി ബ്ലോക്കില്‍ ദഹിസാഹി ഗ്രാമത്തിലെ സജനാ ഗര്‍ഹ് പഞ്ചായത്തിലെ രഞ്ജിത ഗൊചായതിനാണ് ഈ ദുരനുഭവം ഉണ്ടായത്.
ദഹിസാഹി ഗ്രാമത്തിലെ സജനാ ഗര്‍ഹ് പഞ്ചായത്ത് സ്വദേശിയായ ഹേമന്ദ് കുവാന്‍ റാ യുടെ ഭാര്യയാണ് രഞ്ജിത ഗൊചായത്. രക്ഷാബന്ധന്‍ പ്രമാണിച്ച് നീല്‍ഗിരി മേഖലയിലെ റാണിക്കൊത്തി ഗ്രാമത്തില്‍ കഴിയുന്ന തന്‍റെ മാതാപിതാക്കളെ കാണാന്‍ പോയതായിരുന്നു ഗര്‍ഭിണിയായ രഞ്ജിത. ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ അവിടെ വച്ച് രഞ്ജിതയ്ക്ക് പ്രസവ വേദന തുടങ്ങി. ഉടന്‍ തന്നെ ബന്ധുക്കള്‍ രഞ്ജിതയെ ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സിനു വേണ്ടി ശ്രമം തുടങ്ങി. പക്ഷേ അപ്പോള്‍ ആംബുലന്‍സൊന്നും കിട്ടിയില്ല.
ഏറെ നേരം കാത്തു നിന്നിട്ടും ആംബുലന്‍സ് എത്താത്തതു കാരണം ബന്ധുക്കള്‍ ഒരു ഉന്തു വണ്ടി സംഘടിപ്പിച്ച് യുവതിയെ അതില്‍ കിടത്തി. ആശുപത്രിയിലേക്കുള്ള വഴിയില്‍ രഞ്ജിത പ്രസവിച്ചു. പിറന്നു വീണ പെണ്‍കുഞ്ഞിനെയും അമ്മയേയും ഉന്തു വണ്ടിയില്‍ത്തന്നെ ആശുപത്രിയിലെത്തിച്ചു.
ഒഡിഷയിലെ നീല്‍ഗിരി മേഖലയില്‍ ഇത് ആദ്യ സംഭവമല്ല. ആംബുലന്‍സ് (Ambulance) വിളിച്ചിട്ടും എത്താത്ത നിരവധി സംഭവങ്ങള്‍ ഇവിടെ മുമ്പും ഉണ്ടായിട്ടുണ്ട്. ഞായറാഴ്‌ചത്തെ സംഭവത്തോടെ വീണ്ടും ഒരിക്കല്‍ക്കൂടി 108 ആംബുലന്‍സുകളുടെ കാര്യക്ഷമതയില്ലായ്‌മ ചര്‍ച്ചയായിരിക്കുകയാണ്.