ഭുവനേശ്വര്‍ (ഒഡിഷ) : രാജ്യം വിറങ്ങലിച്ച ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച 275 പേരില്‍ 81 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായില്ല. ഇതോടെ അന്ത്യകര്‍മ്മങ്ങളില്ലാതെ ഈ മൃതദേഹങ്ങള്‍ നിലവില്‍ ഡീപ് ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രെയിന്‍ അപകടത്തില്‍ മരിച്ച് ഇവിടെ എത്തിച്ചതില്‍ 193 മൃതദേഹങ്ങള്‍ എയിംസിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റിയെന്നും അവിടെ നിന്നും 112 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മിഷണർ വിജയ് അമൃത കുലാംഗെ അറിയിച്ചു.
തിരിച്ചറിയാനാവാതെ : മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ആ മൃതദേഹങ്ങള്‍ ഡീപ് ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ഉറ്റവരെയും ബന്ധുക്കളെയും കണ്ടെത്തുന്നതിനും തിരിച്ചറിയല്‍ പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി വകുപ്പ് മറ്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ റെയില്‍വേയെയും ഭുവനേശ്വര്‍ എയിംസിനെയും ഏകോപിപ്പിക്കുന്നത് ബിഎംസിയാണെന്നും വിജയ് അമൃത കുലാംഗെ പറഞ്ഞു. സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നതിനും സംസ്‌കരിക്കുന്നതിനുമായി പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഒഡിഷ സർക്കാർ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
Also Read: പ്രതിസ്ഥാനത്ത് 'സിഗ്നലും കവചും' മാത്രമോ?; ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ വേറിട്ട വിശദീകരണങ്ങളെത്തുമ്പോള്‍
ബാലസോര്‍ ദുരന്തത്തിന് പിന്നാലെ അപകടത്തില്‍ മരിച്ച 124 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അപകടത്തില്‍ മൃതദേഹങ്ങളുടെ മുഖമുള്‍പ്പടെ സാരമായ നിലയില്‍ രൂപമാറ്റം വന്നതോടെയാണ് ബന്ധുക്കള്‍ക്ക് പോലും ഇവ സ്ഥിരീകരിക്കാനാവാതെ പോയത്. തുടര്‍ന്ന് മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്തി മുന്നോട്ടുപോകാനും സര്‍ക്കാരും അധികൃതരും തീരുമാനിച്ചിരുന്നു. എന്നാല്‍ നടപ്പിലാക്കുന്നതിന് തടസങ്ങളേറെയുണ്ടായതോടെ ഇത് ഒഴിവാക്കുകയായിരുന്നു.
Also Read:Video | നടുക്കുന്ന കാഴ്‌ച; ബാലസോര്‍ ദുരന്തത്തിന് തൊട്ടുമുൻപുള്ള ദൃശ്യം പുറത്ത്
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി : ജൂൺ രണ്ടിന് വൈകുന്നേരം ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും തിങ്കളാഴ്‌ച രാവിലെ വരെ 151 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നും ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജേന പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങളെല്ലാം അവരുമായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെന്നും മൃതദേഹങ്ങൾ എത്തിക്കേണ്ടയിടം വരെ സൗജന്യമായി കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒഡിഷ സർക്കാർ ചെയ്‌തിട്ടുണ്ടെന്നും പ്രദീപ് ജേന വ്യക്തമാക്കിയിരുന്നു. ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയതോടെയാണ് മരിച്ചവരുടെ എണ്ണം ആദ്യമറിയിച്ച 288ൽ നിന്ന് 275 ആയി വ്യക്തമായതെന്നും പ്രദീപ് ജേന വ്യക്തമാക്കിയിരുന്നു.
ബാലസോര്‍ ദുരന്തം :ഇക്കഴിഞ്ഞ ജൂണ്‍ രണ്ട് രാത്രി 7.20ഓടെയായിരുന്നു ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്ത് വന്‍നാശനഷ്‌ടങ്ങള്‍ക്കിടയാക്കിയ ട്രെയിന്‍ അപകടമുണ്ടാവുന്നത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചാണ് ട്രെയിനപകടമുണ്ടായത്. ഈ കൂട്ടിയിടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു.