ഭുവനേശ്വര്‍: ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്രവർത്തനം പൂർത്തിയായതായി അറിയിച്ച് റെയിൽവേ മന്ത്രാലയം. ട്രെയിനുകള്‍ കൂട്ടിയിടിച്ചും പാളം തെറ്റിയുമുണ്ടായ സ്ഥലത്തെ രക്ഷപ്രവർത്തനം പൂർത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഭുവനേശ്വറിലെ എയിംസിൽ നിന്ന് ഡോക്‌ടർമാര്‍ അടങ്ങുന്ന രണ്ട് സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
ഒഡിഷയിലെ ട്രെയിന്‍ അപകടസ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാവാന്‍ ഭുവനേശ്വറിലെ എയിംസിൽ നിന്ന് ഡോക്‌ടർമാരുടെ രണ്ട് സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെയാണ് അറിയിച്ചത്. മാത്രമല്ല ട്രെയിന്‍ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് സമീപിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ശനിയാഴ്‌ച ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കി. കഴിഞ്ഞദിവസം പുറത്തിറക്കിയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ക്ക് പുറമെയാണിത്.
ദുരന്തത്തില്‍ ദുഃഖാചരണം:സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം അപകടത്തില്‍ ഇതുവരെ 288 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 900ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരില്‍ 650 പേര്‍ ഒഡിഷയിലെ തന്നെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് എസ്ഇആർ വക്താവ് ആദിത്യ ചൗധരിയും അറിയിച്ചിരുന്നു. സ്ഥലത്ത് രക്ഷപ്രവർത്തനം പൂർത്തിയായതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരും മുമ്പ് വ്യക്തമാക്കിയിരുന്നു. ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്‌ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയില്‍ ശനിയാഴ്‌ച ആഘോഷങ്ങളൊന്നും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായികും അറിയിച്ചിരുന്നു. നവീന്‍ പട്‌നായിക് നേരിട്ട് അപകടസ്ഥലത്തും എത്തിയിരുന്നു.