കേരളം

kerala

ETV Bharat / bharat

ട്രെയിൻ സിഗ്നല്‍ തെറ്റിയോടി, ലോക്കോപൈലറ്റിന്‍റെ മനസാന്നിധ്യത്തില്‍ ഒഴിവായത് വന്‍ ദുരന്തം, 2 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിങ്കളാഴ്‌ച (24.07.2023) ആണ് ബിഹാറിലെ മുസാഫര്‍പൂരില്‍ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത കൊണ്ടു മാത്രം വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവായത്.

Balasore  train accident  train accident averted  timely intervention of loco pilot  loco pilot  bihar  train signal problem  സിഗ്നല്‍ തെറ്റി  തീവണ്ടി  ലോക്കോപൈലറ്റ്  ഒഴിവായത് വന്‍ ദുരന്തം  2 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍  മുസാഫര്‍പൂര്‍  സിഗ്നല്‍  ബാലസോര്‍  സിഗ്നലിങ് സർക്യൂട്ട്  ലോക്കോ പൈലറ്റിന്‍റെ ജാഗ്രത
സിഗ്നല്‍ തെറ്റി ദിശമാറിയോടിയ തീവണ്ടി ബ്രേക്കിട്ട് നിര്‍ത്തി ലോക്കോപൈലറ്റ്: ഒഴിവായത് വന്‍ ദുരന്തം, 2 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

By

Published : Jul 25, 2023, 8:33 PM IST

Updated : Jul 25, 2023, 9:06 PM IST

മുസാഫര്‍പൂര്‍: സിഗ്നലിങ്ങ് സംവിധാനത്തിലെ പിഴവുകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ തുടര്‍ക്കഥയാവുന്നു. തിങ്കളാഴ്‌ച (24.07.2023) ബിഹാറിലെ മുസാഫര്‍പൂരില്‍ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത കൊണ്ടു മാത്രമാണ് വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവായത്. ബറൗണി- ന്യൂ ഡല്‍ഹി സ്പെഷ്യല്‍ ട്രെയിനിനാണ് തെറ്റായ റൂട്ടില്‍ ഓടാനുള്ള സിഗ്നല്‍ ലഭിച്ചത്.

ബറൗണിയില്‍ നിന്ന് മുസാഫര്‍പൂരിലെത്തിയ സ്പെഷ്യല്‍ ട്രെയിനിന് നര്‍കാടിയാ ഗഞ്ച് വഴി പോകാനുള്ള സിഗ്നലായിരുന്നു നല്‍കേണ്ടിയിരുന്നത്. പകരം ലഭിച്ചത് ഹാജിപ്പൂര്‍ വഴി പോകാനുള്ള സിഗ്നല്‍. സിഗ്നല്‍ അനുസരിച്ച് ഓട്ടം തുടങ്ങിയെങ്കിലും പിഴവ് മനസിലാക്കിയ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്കിട്ടു വണ്ടി നിര്‍ത്തി.

ഒഴിവായത് വന്‍ ദുരന്തം: ലോക്കോ പൈലറ്റ് ഉടൻ വിവരം റെയില്‍വേ ഹെഡ് ക്വാര്‍ട്ടേഴ്‌സിനെ അറിയിക്കുകയും ചെയ്‌തു. 02563-ാം നമ്പര്‍ ബറൗണി- ന്യൂ ഡല്‍ഹി സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 7.30നായിരുന്നു ബറൗണിയില്‍ നിന്ന് പുറപ്പെട്ടത്. 69 മിനിട്ട് വൈകി 10.39നാണ് ട്രെയിൻ മുസാഫര്‍പൂരിലെത്തിയത്.

ഈ സ്പെഷ്യല്‍ ട്രെയിനിന്‍റെ റൂട്ടില്‍ തിങ്കളാഴ്‌ച മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് നര്‍കാടിയാ ഗഞ്ച് വഴി പോകാനുള്ള സിഗ്നലായിരുന്നു ലഭിക്കേണ്ടിയിരുന്നത്. കിട്ടിയതാകട്ടെ ഹാജിപ്പൂര്‍ സെക്ഷനിലെ രാംദയാലു നഗര്‍ വഴി പോകാനുള്ള സിഗ്നല്‍.

മുന്നോട്ട് നീങ്ങിയ വണ്ടി മനസാന്നിധ്യത്തോടെ അടിയന്തരമായി നിര്‍ത്തിയ ലോക്കോ പൈലറ്റ് ഒഴിവാക്കിയത് വരാനിരുന്ന വലിയൊരു ദുരന്തമായിരുന്നു. അഞ്ച് പത്ത് മിനിറ്റ് നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കു ശേഷം സിഗ്നല്‍ തകരാര്‍ പരിഹരിച്ച് മുസാഫര്‍ പൂരില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിൻ ശരിയായ റൂട്ടില്‍ത്തന്നെ ഓട്ടം പുനരാരംഭിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് പാനല്‍ ഓപ്പറേറ്റര്‍ അജിത് കുമാര്‍, പാനല്‍ ഇന്‍ ചാര്‍ജ് സുരേഷ് പ്രസാദ് സിങ്ങ് എന്നിവരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്‌തു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടു. ഒഡിഷയിലെ ബാലസോറിലേതു പോലെ ഒരു വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് റെയില്‍വേ അധികാരികള്‍.

ബാലസോര്‍ ദുരന്തത്തിന് കാരണം 'സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ' പിഴവ്:അതേസമയം, ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തം 'സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ' പിഴവ് മൂലമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു. 295 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തെക്കുറിച്ച് റെയിൽവേ സുരക്ഷ കമ്മിഷണർ അന്വേഷണം പൂർത്തിയാക്കിയതായും കേന്ദ്രമന്ത്രി രാജ്യസഭയില്‍ അറിയിച്ചിരുന്നു. രാജ്യസഭയിലെ സിപിഎം നേതാവ് ജോൺ ബ്രിട്ടാസിന്‍റേയും ആം ആദ്‌മി പാർട്ടി (എഎപി) എംപി സഞ്ജയ് സിങിന്‍റേയും ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്‌റ്റേഷനിലെ നോര്‍ത്ത് സിഗ്‌നല്‍ ഗൂംട്ടിയില്‍ മുമ്പ് നടത്തിയ സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകളും, സ്‌റ്റേഷനിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 94 ലെ ഇലക്‌ട്രിക് ലിഫ്റ്റിങ് ബാരിയർ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികൾ നിര്‍വഹിച്ചതുമാണ് പിന്നിലുണ്ടായ കൂട്ടിയിടിക്ക് കാരണം. ഈ പിഴവുകള്‍ ട്രെയിന്‍ നമ്പര്‍ 12841 ന് തെറ്റായ സിഗ്നലിങിന് കാരണമായി.

Last Updated : Jul 25, 2023, 9:06 PM IST

ABOUT THE AUTHOR

...view details