റായ്‌പൂർ (ഛത്തീസ്‌ഗഡ്) : ഈദ് പ്രമാണിച്ച് റായ്‌പൂരിലെ ബക്ര മാർക്കറ്റിൽ വൻജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബൈജ്‌നാഥ്പാഡയിലെ സിറാത്ത് ഗ്രൗണ്ടിലെ ആട് ചന്ത ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നും ആടുകളെ വിൽപനയ്‌ക്കെത്തിക്കുന്ന ഈ ചന്തയിൽ ഈ വർഷം മധ്യപ്രദേശിലെ അനുപ്പൂരിൽ നിന്നും എത്തിച്ച ഒരു ആട് ആണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.
വാഹിദ് ഹുസൈൻ എന്നയാൾ കൊണ്ടുവന്ന ഈ ആടിന് 70 ലക്ഷം രൂപയാണ് വിലയിട്ടത്. വളരെ പ്രത്യേകതകൾ ഉള്ളതാണ് ഈ ആട് എന്ന് വാഹിദ് പറയുന്നു. തദ്ദേശീയ ഇനത്തിൽപ്പെട്ട ആട് പ്രകൃതിയുടെ വരദാനമാണെന്നും ആടിന്‍റെ ശരീരത്തിൽ ഉറുദു ഭാഷയിൽ അല്ലാഹു, മുഹമ്മദ് എന്നിങ്ങനെ എഴുതിയ പുള്ളികളുണ്ടെന്നും ഉടമ വാഹിദ് അവകാശപ്പെടുന്നു.
ആടിന് വില 70 ലക്ഷം; ശരീരത്തിൽ അല്ലാഹു, മുഹമ്മദ് എന്നിങ്ങനെ എഴുതിയ പുള്ളികളുണ്ടെന്ന് ഉടമ ആട് അമൂല്യമാണെന്നും അതിനാലാണ് 70 ലക്ഷം രൂപ വിലയിട്ടതെന്നും വാഹിദ് പറയുന്നു. സുൽത്താൻ എന്നാണ് ആടിന്‍റെ പേര്. 100 ഗ്രാം അണ്ടിപ്പരിപ്പും ബദാമും ആട് ദിവസവും കഴിക്കുന്നുണ്ട്. മൂന്നരയടി പൊക്കമുള്ള സുൽത്താന്‍റെ ഭാരം 60 കിലോയാണ്.
റായ്‌പൂർ ചന്തയിൽ ആടിനെ ആവശ്യപ്പെട്ട് ആരും ഇതുവരെ വന്നിട്ടില്ല. എന്നാൽ ആടിന്‍റെ ചിത്രവും തന്‍റെ ഫോൺ നമ്പരും വച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടപ്പോൾ നാഗ്‌പൂരിൽ നിന്നും ആടിന് 22 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ഒരു കോൾ വന്നിരുന്നു. എന്നാൽ ആ ഡീൽ ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും ആടിന് കൂടുതൽ വില കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും വാഹിദ് പറയുന്നു.
റായ്‌പൂരിൽ മാത്രമല്ല ആടുകൾക്ക് ഇത്ര ആവശ്യക്കാരുള്ളത്. മധ്യപ്രദേശിലെ അഗർ മാൾവയിൽ 11 ലക്ഷത്തിന്‍റെ ആടിനെ വിൽപ്പനയ്‌ക്ക് കൊണ്ടുവന്നിരുന്നു. സസ്‌നേർ സ്വദേശിയായ ഷാറൂഖ് ഖാൻ ആണ് 11 ലക്ഷത്തിന്‍റെ ആടിനെ വിൽപ്പനയ്‌ക്ക് കൊണ്ടുവന്നത്.