ഭോപ്പാല്‍ : മധ്യപ്രദേശ് - ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഓഫിസ് തകര്‍ത്തത്.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകരുടെ ആക്രമണം. അരമണിക്കൂറോളം ഓഫിസിന് മുന്നില്‍ സമരം നടത്തിയ പ്രവര്‍ത്തകര്‍ വളപ്പിലേക്ക് അതിക്രമിച്ച് കടക്കുകയും കല്ലെറിയുകയുമായിരുന്നു. നൂറോളം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നും ഇക്കാര്യത്തില്‍ പൊലീസിന് വന്‍ വീഴ്‌ചയുണ്ടായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ ആക്രമണം ആസൂത്രണം ചെയ്‌തിരുന്നു. സാധാരണയായി ചെറിയ പ്രകടനങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പോലും നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്.
എന്നാല്‍ ഇത്രയും വലിയ സംഭവമുണ്ടായിട്ടും ഒരു പൊലീസുകാരന്‍ പോലും സമയത്തിന് സ്ഥലത്ത് എത്തിയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആക്രമണം കോണ്‍ഗ്രസ് ഓഫിസിന് വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പോപ്പുലര്‍ ഫ്രണ്ടിനെയും ബജ്‌റംഗ്‌ദളിനെയും നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനം. ഇതിന് പുറമെ മുസ്‌ലിം സമുദായത്തിനുള്ള സംവരണം പുനസ്ഥാപിക്കുമെന്നും, ആകെയുളള 50 ശതമാനം സംവരണമെന്നത് 75 ശതമാനമാക്കി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.