ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ പിരിഞ്ഞ് കിടക്കുന്ന പേരാണ് ബഹദുര്‍ ഷാ സഫര്‍. മുഗള്‍ വംശത്തിന്‍റെ അവസാന ചക്രവര്‍ത്തി എന്നതിനപ്പുറം ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം വഹിച്ച നിര്‍ണായക പങ്കാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനം നേടി കൊടുത്തത്.
ബഹദൂർ ഷാ സഫർ നാമമാത്ര ഭരണാധികാരിയായിരുന്നുവെങ്കിലും ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. ബ്രിട്ടീഷുകാരുമായി സമവായത്തിലെത്തി അവസാന വർഷങ്ങൾ സുഖ സൗകര്യങ്ങളോടെ ജീവിയ്ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.
ബ്രിട്ടീഷുകാർ ബഹദുര്‍ ഷാ സഫറിനെ വളരെയധികം ഭയപ്പെട്ടു. അദ്ദേഹത്തിന്‍റെ പുത്രന്മാരെ വധിച്ച് ബഹദുര്‍ ഷാ സഫറിനെ ബർമയിലേക്ക് ( ഇന്നത്തെ മ്യാൻമർ ) നാടുകടത്തുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും മാനസിക പീഡനത്തിലും ഹൃദയം തകർന്നാണ് മുഗള്‍ രാജവംശത്തിന്‍റെ അവസാന ചക്രവര്‍ത്തി മരിച്ചത്. ഡൽഹിയിൽ ഖബറടക്കം ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം പോലും നിറവേറിയിട്ടില്ല.
ഒന്നാം സ്വാതന്ത്ര്യ സമരവും നാടുകടത്തലും
1775 ഒക്‌ടോബർ 24ന് ജനിച്ച ബഹദൂർ ഷാ സഫറിന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്ന മീററ്റിലെ സൈനികരുടെ നേതൃസ്ഥാനം ഏറ്റെടുക്കുമ്പോള്‍ 82 വയസായിരുന്നു. അക്ബർ ഷാ രണ്ടാമനായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. മാതാവ് ലാൽബായി. പിതാവിന്‍റെ മരണശേഷം, 1837 സെപ്റ്റംബർ 18നാണ് സഫർ മുഗൾ ചക്രവർത്തിയാകുന്നത്. അപ്പോഴേക്കും മുഗൾ ചക്രവർത്തി പദം നാമമാത്രമായി തീര്‍ന്നിരുന്നു.
മീററ്റിലെ സൈനികരാണ് അദ്ദേഹത്തെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാരുടെ നയതന്ത്രത്തെ തുടര്‍ന്ന് ഈ യുദ്ധം അധിക കാലം നീണ്ടില്ല. ഹുമയൂണിന്‍റെ ശവകുടീരത്തിൽ അഭയം പ്രാപിച്ച സഫറിനെ ബ്രിട്ടീഷ് ഓഫീസർ വില്യം ഹഡ്‌സണ്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു.
ബ്രിട്ടീഷുകാർ സഫറിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതകക്കുറ്റവും ചുമത്തി. 1858 ജനുവരി 27 മുതൽ 1858 മാർച്ച് 09 വരെ 40 ദിവസം നീണ്ടുനിന്ന വിചാരണക്കൊടുവില്‍ അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയും റംഗൂണിലേക്ക് നാടുകടത്തുകയും ചെയ്‌തു. ബഹദൂർ ഷാ സഫർ കലാപം സൃഷ്‌ടിക്കുമെന്ന് ബ്രിട്ടീഷുകാർ ഭയപ്പെട്ടിരുന്നതായും ഇതിനാലാണ് നാടുകടത്തിയതെന്നും ചരിത്രകാരന്മാർ പറയുന്നു.