നോയിഡ (ഉത്തര്‍പ്രദേശ്): മകളുടെ വിവാഹത്തലേന്ന് ഉണ്ണാനും ഉറങ്ങാനും പോലും മറന്നുപോകാറുള്ള അച്ഛന്മാര്‍ ഏറെ കാണും. ചിലപ്പോഴെങ്കിലും സദ്യവട്ടങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലും ഈ അശ്രദ്ധ പ്രകടമായേക്കാം. എന്നാല്‍ സ്വന്തം മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടി വച്ച ഒരുകോടിയോളം രൂപയുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും യാത്ര ചെയ്‌ത ടാക്‌സിയില്‍ മറന്നുവെച്ച് 'ഹൈപ്പര്‍ ടെന്‍ഷനില്‍' ആയ പിതാവാണ് നോയിഡ സ്വദേശിയായ നിഖിലേഷ് കുമാര്‍ സിന്‍ഹ.
'മറവി' പണി തന്നു:കുടുംബവുമൊന്നിച്ച് യുകെയില്‍ താമസമാക്കിയ നിഖിലേഷ് കുമാറിന് തന്‍റെ മകളുടെ വിവാഹം സ്വന്തം നാട്ടില്‍ ബന്ധുക്കളുമൊന്നിച്ച് കെങ്കേമമായി നടത്തണമെന്ന ഒരു ശരാശരി ഇന്ത്യന്‍ പിതാവിന്‍റെ ആഗ്രഹം ഉദിക്കുന്നു. ഗൃഹാതുരത്വം വേട്ടയാടിയ അയാള്‍ ഒടുക്കം മകളുടെ വിവാഹം നാട്ടില്‍ വച്ച് തന്നെ നടത്താന്‍ തീരുമാനിക്കുന്നു. നാട്ടിലെത്തി വിവാഹത്തിന് മകള്‍ക്ക് സമ്മാനിക്കാനുള്ള ഒരുകോടിയോളം രൂപയുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളുമടങ്ങിയ ബാഗുമായി ഹോട്ടലിലേക്ക് പോകാന്‍ വിളിച്ച ടാക്‌സിയില്‍ വച്ചാണ് നിഖിലേഷ് കുമാറിന് മറവി സംഭവിക്കുന്നത്.
പരാതിയുമായി പൊലീസിനെ കാണുന്നു: ഗൗർ സിറ്റി ഏരിയയിലെ സരോവർ പോർട്ടിക്കോ ഹോട്ടലിൽ എത്തിയപ്പോൾ കാറില്‍ കെണ്ടുവന്ന മറ്റു ബാഗുകള്‍ നിഖിലേഷ് കുമാര്‍ എടുത്തുവെങ്കിലും ഈ വിലപിടിപ്പുള്ള ബാഗ് എടുക്കാന്‍ അദ്ദേഹം മറക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ബാഗ് നഷ്‌ടപ്പെട്ടത് മനസിലായതോടെയാണ് നിഖിലേഷ് കുമാറും കുടുംബവും പൊലീസിനെ സമീപിക്കുന്നത്. സഞ്ചരിച്ചത് ഓണ്‍ലൈന്‍ ടാക്‌സിയായ ഊബറിലാണെന്ന് പൊലീസിനെ അറിയിച്ചു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ ബിസ്‌റഖ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് അനിൽ കുമാർ രജ്‌പുത് ഉടന്‍ തന്നെ ബാഗിനായി അന്വേഷണം തുടരുകയായിരുന്നു.
ഇതു താന്‍ ഡാ പൊലീസ്:ഗുര്‍ഗാനിലെ ഊബറിന്റെ ഓഫീസിൽ നിന്ന് വാഹനത്തിന്റെ തത്സമയ ലൊക്കേഷനെക്കുറിച്ച് അന്വേഷിക്കുകയും ഗാസിയാബാദിൽ നിന്ന് വാഹനം കണ്ടെത്തുകയും ചെയ്‌തുവെന്ന് പൊലീസ് ഉദ്യോഗസ്ഥനാ അനിൽ കുമാർ രജ്‌പുത് പറഞ്ഞു. നീണ്ട നാലുമണിക്കൂറിലെ തെരച്ചിലിനൊടുവിലാണ് കാര്‍ ഡ്രൈവറെ ഗാസിയാബാദിലെ ലാല്‍ കുവാനില്‍ കണ്ടെത്തിയതെന്നും വാഹനത്തിന്‍റെ പിന്‍വശത്തെ ബൂട്ടില്‍ നിന്ന് ബാഗ് കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബാഗ് തന്‍റെ വാഹനത്തിന്‍റെ പിന്നില്‍ ഉണ്ടായിരുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഡ്രൈവര്‍ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നിഖിലേഷ് കുമാറിന്‍റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ബാഗ് തുറന്ന് ആഭരണങ്ങള്‍ തിട്ടപ്പെടുത്തിയ ശേഷമാണ് ഇയാളെ പൊലീസ് പോകാന്‍ അനുവദിച്ചത്. പരാതിയില്‍ അലംഭാവം കാണിക്കാതെ ഉടനെ തന്നെ അന്വേഷണത്തിനിറങ്ങി മണിക്കൂറുകള്‍ക്കകം ബാഗ് കണ്ടെത്തിയതിന് കുടുംബം പൊലീസിന് നന്ദി അറിയിച്ചു.