ചമോലി (ഉത്തരാഖണ്ഡ്):കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ബദ്രിനാഥ് ധാം തീർഥാടനം പുനരാരംഭിച്ചു. ചൊവ്വാഴ്‌ച രാവിലെ കാലാവസ്ഥ അനുകൂലമായതിന് പിന്നാലെ ബദ്രിനാഥില്‍ നിന്ന് 115 വാഹനങ്ങൾ പുറപ്പെട്ടതായി ചമോലി ജില്ല മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു. ബദ്രിനാഥ് ധാമിലേക്കുള്ള തീര്‍ഥാടനവും പുനരാരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ബദ്രിനാഥ് ധാം യാത്ര പുനരാരംഭിച്ചു; തീര്‍ഥാടനം നിര്‍ത്തിവച്ചത് കനത്ത മഴയെ തുടര്‍ന്ന്
തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയെ തുടര്‍ന്നാണ് ബദ്രിനാഥ് ധാം യാത്ര താത്‌കാലികമായി നിര്‍ത്തിവച്ചത്
തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയെത്തുടർന്ന് ബദ്രിനാഥ് ദേശീയപാതയിലെ ബൽഡോഡയില്‍ വച്ച് കല്ല് വീഴ്‌ചയുണ്ടായിരുന്നു. ഇതിന് പുറമേ ലംബാഗഡ് ഡ്രെയിനിൽ വെള്ളം ഉയർന്നതോടെ തീര്‍ഥാടനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ബദ്രിനാഥ് ധാമിലേക്ക് പോകുന്ന തീർഥാടകരെ പിപാൽകോട്ടി, ചമോലി, നന്ദപ്രയാഗ്, കർൺപ്രയാഗ്, ഗൗച്ചർ, ഗോവിന്ദ്ഘട്ട് എന്നിവിടങ്ങളിൽ വച്ച് അധികൃതർ തടഞ്ഞു.
തീര്‍ഥാടകര്‍ക്കായി വെള്ളം, ഭക്ഷണം, താമസ സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഭരണകൂടം ഒരുക്കിയിരുന്നുവെന്ന് ചമോലി ജില്ല മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു. ബദ്രിനാഥ്, യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നീ നാല് പുരാതന തീർഥാടന കേന്ദ്രങ്ങളിലേക്ക് നടത്തുന്ന തീര്‍ഥാടനം 'ചാർ ധാം' എന്നാണറിയപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയുടെ തീരത്ത് ഗർവാൾ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ബദ്രിനാഥ് ക്ഷേത്രം എല്ലാ വർഷവും ആറ് മാസത്തേക്ക് ഭക്തര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്.