ഉത്തര കന്നഡ (കര്‍ണാടക) : മൊബൈല്‍ ചാര്‍ജറിന്‍റെ പിന്‍ വായിലിട്ടതിനെ തുടര്‍ന്ന് ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിലെ സിദ്ധാറിൽ ബുധനാഴ്‌ച (ഓഗസ്റ്റ് 02) ആണ് സംഭവം. സിദ്ധാറിലെ സന്തോഷ് കൽഗുട്‌കറിന്‍റെയും സഞ്ജന കൽഗുട്‌കറിന്‍റെയും മകൾ സാനിധ്യ കൽഗുട്‌കറാണ് മരിച്ചത്.
സ്വിച്ച്‌ബോർഡിൽ കണക്‌ട് ചെയ്‌തിരുന്ന മൊബൈൽ ചാർജർ ഓഫ് ചെയ്‌തിരുന്നില്ല. ഓണ്‍ ആയിരുന്ന ചാര്‍ജറിന്‍റെ വയര്‍ കുഞ്ഞ് വായിലിടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
അതേസമയം കുഞ്ഞിന്‍റെ മരണ വിവരം അറിഞ്ഞതോടെ അച്ഛന്‍ സന്തോഷ് ബോധരഹിതനായി വീണു. ഇയാളെ സിദ്ധാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഹോസ്‌കോമില്‍ കരാര്‍ ജീവനക്കാരനാണ് സന്തോഷ്.
സന്തോഷിന്‍റെയും സഞ്ജനയുടെയും മൂന്നാമത്തെ കുട്ടിയാണ് മരിച്ച സാനിധ്യ. മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. ഈ രണ്ട് കുട്ടികളില്‍ ഒരാളുടെ ജന്മദിനം ആയിരുന്നു ഇന്നലെ (ഓഗസ്റ്റ് 02). കുടുംബം ഇതിന്‍റെ സന്തോഷത്തിലായിരിക്കുമ്പോഴാണ് ദാരുണ സംഭവം. റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്ത് വീട്ടില്‍ അശോക് കുമാര്‍, സൗമ്യ ദമ്പതികളുടെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഏപ്രില്‍ 24ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.