കൊല്‍ക്കത്ത :ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഡെറിക് ഒബ്രിയാൻ എം.പിയും അദ്ദേഹത്തെ പാര്‍ട്ടി പതാക പതിച്ച ഷാളണിയിച്ച് സ്വീകരിച്ചു.
മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ ബാബുല്‍ മറ്റൊരു പാർട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനം കഴിഞ്ഞ് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലിന്‍റെ ഭാഗമാവുകയാണ്.
ALSO READ:"പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചെങ്കിൽ..!" പി. ചിദംബരം
മമത ബാനർജി ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മുന്‍ ബി.ജെ.പി എം.പിയെ സ്വന്തം പാളയത്തിലെത്തിച്ച് തൃണമൂല്‍ കരുക്കള്‍ നീക്കുന്നത്. ഇത് ബി.ജെ.പിയ്‌ക്ക് വന്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.
നടന്‍, പിന്നണി ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ് ബാബുല്‍ സുപ്രിയോ. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.
അസന്‍സോളില്‍ നിന്ന് രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നരേന്ദ്ര മോദി മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി എന്നീ സുപ്രധാന വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.