ലക്‌നൗ: തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികളിലൂടെ തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന ഹിന്ദു സമൂഹത്തിന്‍റെ തോന്നലിന്‍റെ ഫലമാണ് ബാബറി മസ്‌ജിദ് തകർക്കലെന്ന് ആർഎസ്എസ് ജോയിന്‍റ് സെക്രട്ടറി അരുണ്‍ കുമാര്‍. 'സബ്‌കെ റാം' എന്ന പുസ്‌തകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'33 വർഷം ഈ രാജ്യത്ത് നിയമവും നീതിയും ഉണ്ടെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നും കരുതി ഹിന്ദു സമൂഹം ക്ഷമ പാലിച്ചു. എന്നാല്‍ 1992ൽ നിയമനടപടികളിലൂടെ തങ്ങൾ വഞ്ചിക്കപ്പെടുന്നുവെന്ന് ഹിന്ദു സമൂഹത്തിന് തോന്നിയപ്പോൾ അവര്‍ ഉണർന്നു,' അരുണ്‍ കുമാർ പറഞ്ഞു.
'അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള 38 വർഷം നീണ്ടുനിന്ന പ്രസ്ഥാനം സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഈ പ്രസ്ഥാനത്തിലൂടെ ഹിന്ദു സമൂഹം ഉണര്‍ന്നു. ഹിന്ദുക്കൾ ഭീരുക്കൾ ആണെന്നും അവർക്ക് ഒന്നിക്കാന്‍ കഴിയില്ലെന്നുമുള്ള വിശ്വാസങ്ങളെ മാറ്റിമറിക്കുകയും ചെയ്‌തു. ആത്യന്തികമായി പ്രസ്ഥാനത്തിന് വിജയിക്കാനായത് അതിന്‍റെ ലക്ഷ്യത്തിലെ ശുദ്ധിയും നിസ്വാർഥമായി അതിന് നേതൃത്വം നൽകുന്നവരുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും മൂലമാണ്' - അദ്ദേഹം പറഞ്ഞു.