അയോധ്യ: ഗതാഗത തടസ്സങ്ങളില്ലാതെ അയോധ്യയിലെത്താനുള്ള വിപുലമായ സംവിധാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണ കൂടം. ഇതിന്‍റെ ഭാഗമായി അയോധ്യയിലെത്തുന്ന ഭക്തര്‍ക്ക് മൂന്നിടങ്ങളിലായി എഴുപത് ഏക്കറില്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും. അഞ്ച് റെയില്‍വേ മേല്‍പ്പാലങ്ങളും വൈകാതെ യാഥാര്‍ത്ഥ്യമാകും.
രാമ ക്ഷേത്ര നിര്‍മ്മാണം അവസാന ഘട്ടത്തിലാണെങ്കിലും അയോധ്യയിലേക്ക് ഭക്തരുടേയും വിശ്വാസികളുടേയും ഒഴുക്ക് തുടരുകയാണ്. നിലവില്‍ സാകേത് പെട്രോള്‍ പമ്പിനും നയാഘട്ടിനും ഇടയിലുള്ളയിടത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. " ഓരോ ദിവസം കഴിയുമ്പോഴും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. നിലവിലെ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ പോരാതെ വരും. മൂന്നിടങ്ങളിലായി എഴുപത് ഏക്കറില്‍ പാര്‍ക്കിങ്ങ് ഒരുക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഉദയ സ്കൂളിനടുത്ത് 35 ഏക്കറിലും പ്രഹ്ളാദ് ഘട്ടില്‍ 25 ഏക്കറിലും ഗുപ്താര്‍ഘട്ടില്‍ 10 ഏക്കറിലും പാര്‍ക്കിങ്ങ് ഒരുക്കും". അയോധ്യ ജില്ല മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.
നഗരത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അഞ്ച് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. നാലാമതൊന്ന് ഡിസംബറോടെ പൂര്‍ത്തിയാവുമെന്ന് ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. അഞ്ചാമത്തേത് മാര്‍ച്ച് മാസത്തില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു.
മോദി വരും: അയോധ്യയിലെ രാമക്ഷേത്രം 2025 ജനുവരിയോടെ മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കും. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22 നായിരിക്കും നടക്കുക. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനായിരം വിശിഷ്ട വ്യക്തികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി രാമജന്മഭൂമിയിലെ വിഗ്രഹത്തില്‍ അര്‍ച്ചിച്ച അക്ഷതം (പൂജിച്ച അരി) രാജ്യത്തെ 5 ലക്ഷം ഗ്രാമീണര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം.