മുംബൈ:അയോധ്യ അഴിമതി ആരോപണത്തിൽ നേതാക്കൾ വ്യക്തത വരുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ക്ഷേത്ര നിർമാണം സാധാരണക്കാരുടെ വിശ്വാസമാണ്. ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിംഗ് തന്നോട് സംസാരിച്ചതായും അദ്ദേഹം നൽകിയ തെളിവുകൾ ഞെട്ടിക്കുന്നതാണെന്നും സഞ്ജയ് റാവത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Read more: രാമക്ഷേത്ര ഭൂമി അഴിമതി: കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ഓം പ്രകാശ് രാജ്ഭാർ
രാം മന്ദിറിനായുള്ള പോരാട്ടം ഞങ്ങളുടെ വിശ്വാസമാണ്. ചിലരെ സംബന്ധിച്ചിടത്തോളം ഇത് രാഷ്‌ട്രീയം മാത്രമാണ്. ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റ് വ്യക്തമാക്കണം. ക്ഷേത്രത്തിൻ്റെ ഭൂമിപൂജ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് എന്നിവരും പങ്കെടുത്തു. അവർ ഇക്കാര്യത്തിൽ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾ വിശ്വാസത്തിൻ്റെ പേരിൽ സംഭാവന നൽകിയിട്ടുണ്ട്. ശിവസേന പോലും ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. വിശ്വാസത്തിൽ നിന്ന് സ്വരൂപിച്ച പണം ദുരുപയോഗം ചെയ്യുന്നുവെങ്കിൽ വിശ്വാസത്തിൻ്റെ അർഥം എന്താണ്? എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ അറിയേണ്ടതുണ്ട്. ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അറിയണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഭൂമി കച്ചവടക്കാര്‍ രണ്ട് കോടി രൂപക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമി അതേ ദിവസം പത്ത് മിനിറ്റിനുള്ളിൽ പതിനെട്ടര കോടി രൂപക്ക് ക്ഷേത്രം ട്രസ്റ്റ് വാങ്ങിയതിൻ്റെ രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടു. സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.