അയോധ്യ: വരാനിരിക്കുന്ന ഈദ് ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അയോധ്യ ഭരണകൂടം. ജില്ലയിലുടനീളം അഞ്ഞൂറോളം സ്ഥലങ്ങളിൽ ഈദ് പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കും. ഈദ് ആഘോഷപരിപാടികൾ ആവിഷ്‌കരിക്കുന്നതിന് പീസ് കമ്മിറ്റി അംഗങ്ങളുൾപ്പെടെ മുസ്ലീം സമുദായത്തിൽപ്പെട്ടവരുമായി ജില്ല ഭരണകൂടം ചർച്ച നടത്തി.
സുരക്ഷ ക്രമീകരണങ്ങളൊരുക്കി ജില്ല മജിസ്‌ട്രേറ്റ് :വിശുദ്ധ റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്‌ച പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ മുസ്ലീം സമുദായത്തിലെ മതനേതാക്കളുമായും പൗരന്മാരുമായും ചർച്ച നടത്താൻ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ യോഗം വിളിച്ചിരിക്കുകയാണ്. ഈദ് ദിനാഘോഷങ്ങളിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പിറ കാണുന്നതനുസരിച്ച് മെയ് മൂന്നിന് ജില്ലയിൽ ഈദുൽ ഫിത്തർ ആഘോഷിക്കാൻ സാധ്യതയുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു.
ഈദുൽ ഫിത്തർ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നിയുക്ത സോണൽ മജിസ്‌ട്രേറ്റുമാർ, സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാർ, സ്റ്റാറ്റിക് മജിസ്‌ട്രേറ്റുമാർ എന്നിവർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാവിലെ പെരുന്നാൾ നമസ്‌കാരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മുതൽ പെരുന്നാൾ അവസാനിക്കുന്നത് വരെ ഉദ്യോഗസ്‌ഥർ തങ്ങൾക്ക് നിയോഗിച്ചിട്ടുള്ള സ്ഥലങ്ങളിൽ സന്നിഹിതരായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ ശുചിത്വം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും നൽകിയതായി ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പിനോട് സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ വൈദ്യുതി വകുപ്പിനോടും അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രാർഥനാസ്ഥലങ്ങളിൽ മതിയായ പൊലീസ് സേനയെ വിന്യസിക്കുമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു. കൂടാതെ സാമൂഹിക വിരുദ്ധർക്കെതിരെ കർശന നിരീക്ഷണവും നടത്തും. സംഘർഷമുണ്ടാക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എസ്എസ്‌പി കൂട്ടിച്ചേർത്തു.