ഹൊറര്‍ സിനിമകള്‍ ഇഷ്‌ടപ്പെടാത്തവര്‍ ആരുണ്ട്?. ചിലര്‍ക്ക് ഒറ്റയ്‌ക്ക് ഹൊറര്‍ സിനിമകള്‍ കാണാന്‍ ഭയമായിരിക്കും. എന്നാല്‍ ഇക്കൂട്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തോടൊപ്പമോ ഹൊറര്‍ സിനിമകള്‍ ആസ്വദിക്കുന്നവരാകാം. എന്നാല്‍ ഒറ്റയ്‌ക്ക് കാണാന്‍ ഇഷ്‌ടമുള്ളവരും ഉണ്ട്. ഹൊറര്‍ സിനിമാസ്വാദകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഹോളിവുഡില്‍ മാത്രമല്ല, ബോളിവുഡിലുമുണ്ട് പ്രേക്ഷകരെ പേടിപ്പിച്ച് വിറപ്പിക്കുന്ന നിരവധി ഹൊറര്‍ ചിത്രങ്ങള്‍. ഹൊറര്‍ സിനിമകളില്‍ വളരെ പേരുകേട്ട സംവിധായകനാണ് വിക്രം ഭട്ട്. ഇപ്പോഴിതാ വിക്രം ഭട്ടിന്‍റെ മകള്‍ കൃഷ്‌ണ ഭട്ടും ഹൊറര്‍ സിനിമയിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
കൃഷ്‌ണ ഭട്ടിന്‍റെ സംവിധാന സംരംഭമായ '1920 ഹൊറേഴ്‌സ് ഓഫ് ദ ഹാർട്ട്' ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ പേടിപ്പിച്ച് വിറപ്പിക്കുന്ന ദൃശ്യങ്ങളാണ് 2.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലുള്ളത്.
'1920' ഫ്രാഞ്ചൈസിയിൽ നിന്നുള്ള നാലാമത്തെ ചിത്രമാണ് '1920 ഹൊറേഴ്‌സ് ഓഫ് ദ ഹാർട്ട്'. 'ബാലികാവധു', 'സസുരാൽ സിമർ കാ' തുടങ്ങി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്‌തയായ അവിക ഗോറും ചിത്രത്തില്‍ അഭിനയിക്കുന്നു. അവിക ഗോറിന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെ കൂടി '1920 ഹൊറേഴ്‌സ് ഓഫ് ദ ഹാർട്ട്' അടയാളപ്പെടുത്തുന്നു.
ഇതിന് മുമ്പ് 2016ലാണ് '1920' ഫ്രാഞ്ചൈസിയില്‍ നിന്നുള്ള മൂന്നാമത്തെ ചിത്രമായ '1920 ലണ്ടൻ' പുറത്തിറങ്ങിയത്. മൂന്നാം ഭാഗത്തില്‍ ഷർമാൻ ജോഷി, മീര ചോപ്ര, വിശാൽ കർവാൾ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
വിക്രം ഭട്ടിന്‍റെ മറ്റൊരു ഹൊറര്‍ ചിത്രമാണ് '1921'. സരീന്‍ ഖാന്‍, കരണ്‍ കുണ്ട്ര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം 2018 ജനുവരി 12നാണ് റിലീസ് ചെയ്‌തത്. നിരവധി ഭാഗങ്ങളായി ഒരുങ്ങുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് '1921'.
മഹേഷ് ഭട്ട്, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേർന്നാണ് '1920 ഹൊറേഴ്‌സ് ഓഫ് ദി ഹാർട്ട്' അവതരിപ്പിച്ചിരിക്കുന്നത്. രാജ് കിഷോർ ഖവാരെയുമായി ചേർന്നാണ് വിക്രം ഭട്ട് '1920 ഹൊറേഴ്‌സ് ഓഫ് ദി ഹാർട്ട്' നിർമിച്ചിരിക്കുന്നത്. 2023 ജൂൺ 23ന് ചിത്രം തിയേറ്ററുകളിൽ എത്തും. സംവിധാന സംരംഭത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്‍റെ ആവേശത്തിലാണ് കൃഷ്‌ണ ഭട്ട്. തന്‍റെ സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുകയാണ് കൃഷ്‌ണ ഭട്ട്.
'എന്‍റെ ജീവിതത്തെ മാറ്റിമറിച്ച സിനിമ, ഒരു സംവിധായിക ആകാൻ എന്നെ പ്രേരിപ്പിച്ച സിനിമ- 1920! എന്‍റെ നായികയായ അവിക ഗോറിനൊപ്പം ഒരു ദശാബ്‌ദത്തിന് ശേഷം ഞാൻ '1920 ഹൊറേഴ്‌സ് ഓഫ് ദ ഹാർട്ട്' സംവിധാനം ചെയ്യുന്നു! ഈ സിനിമ ഒരുക്കുന്നതില്‍ വളരെ ആവേശമുണ്ട്. എന്‍റെ ഗുരുനാഥൻമാരായ വിക്രം ഭട്ടിനും മഹേഷ് ഭട്ടിനും ഒപ്പം ഈ സിനിമ ഒരുക്കുന്നതില്‍ ആവേശമുണ്ട്.' - കൃഷ്‌ണ ഭട്ട് കുറിച്ചു. 1920, അവിക ഗോര്‍, വിക്രം ഭട്ട്, മഹേഷ് ഭട്ട്, ഹൊറര്‍ ഫിലിം എന്നീ ഹാഷ് ടാഗുകളോട് കൂടിയായിരുന്നു കൃഷ്‌ണ ഭട്ടിന്‍റെ പോസ്‌റ്റ്.