ജെയിംസ് കാമറൂണിന്‍റെ ദൃശ്യ വിസ്‌മയം 'അവതാർ: ദി വേ ഓഫ് വാട്ടർ' ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 7ന് രാത്രി 12.30ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചത്. 2022 ഡിസംബര്‍ 16ന് തിയേറ്ററുകളിലെത്തിയ ചിത്രം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.
ജെയും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്‍റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ജയിംസ് കാമറൂണിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രം പറയുന്നത്. കേണല്‍ മൈല്‍ ക്വാര്‍ട്ടിച്ചിന്‍റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാന്‍ഡോറയില്‍ നിന്നും തുരത്തുന്നിടത്താണ് ആദ്യ ഭാഗം അവസാനിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പാന്‍ഡോറയുടെ കാഴ്‌ചകളിലൂടെയാണ് രണ്ടാം ഭാഗത്തിന്‍റെ തുടക്കം. ജാക്കും നേയ്‌ത്രിയും കുടുംബത്തെ സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമാണ് 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍'.
മേക്കിംഗിലൂടെയും അവതരണത്തിലൂടെയും 'അവതാര്‍ 2' പ്രേക്ഷകരെ അമ്പരിപ്പിച്ചപ്പോള്‍, ഒരു കൂട്ടം സിനിമ ആസ്വാദകരെ കഥ കൊണ്ട് വിസ്‌മയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. എങ്കിലും കുട്ടികള്‍ക്ക് 'അവതാര്‍ 2'ന്‍റെ ത്രീഡി മികവ് പുതിയ ആവേശമായിരുന്നു തിയേറ്ററുകളില്‍.
ട്വന്‍റിയത് സെഞ്ച്വറി ഫോക്‌സായിരുന്നു സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. സയൻസ് ഫിക്ഷൻ സാഹസിക സിനിമയിൽ സാം വർത്തിങ്ടൺ, കേറ്റ് വിൻസ്‌ലെറ്റ്, സിഗോർണി വീവർ, സോ സൽദാന, ജെർമെയ്‌ന്‍ ക്ലെമെന്‍റ്, മിഷേൽ യോ, സ്‌റ്റീഫൻ ലാംഗ്, ജിയോവന്നി റിബിസി, എഡി ഫാൽക്കോ, ഊന ചാപ്ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.