ശ്രീനഗർ : ജമ്മു കശ്‌മീരിലെ സോജില ചുരത്തിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് വാഹനങ്ങൾ മഞ്ഞിനടിയിൽ കുടുങ്ങി. സോജിൽ ചുരത്തിലെ പാനിമത ക്യാപ്‌റ്റൻ മോഡിന് സമീപമാണ് സംഭവം. സംഭവസ്ഥലത്ത് ഒറ്റപ്പെട്ട വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാൻ മെഡിക്കൽ ടീമുകൾക്കൊപ്പം റെസ്‌ക്യൂ ടീമും ശ്രമം തുടരുകയാണ്. ഇന്ത്യൻ സൈന്യവും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അപകടത്തിൽപ്പെട്ട വാഹനങ്ങളിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയെന്നുമാണ് പ്രാദേശിക റിപ്പോർട്ടുകൾ. കാലാവസ്ഥ മോശമായതിനാൽ വാഹനങ്ങൾ തിരിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
also read:ഉത്തരാഖണ്ഡില്‍ ഹിമപാതം; ഭീമന്‍ മഞ്ഞ് പാളി അടര്‍ന്ന് വീണു; മഴയില്‍ കുതിര്‍ന്ന് ഹിമാലയന്‍ മലനിരകള്‍
ശ്രീനഗർ - കാർഗിൽ ഹൈവേയിൽ ഗതാഗത തടസം : ഹിമപാതത്തെ തുടർന്ന് ശ്രീനഗർ - കാർഗിൽ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. സോജിലയിലെ അപകടത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഹിമപാതം ഉണ്ടാകാനുള്ള സാധ്യതയുള്ളതായി ജമ്മു കശ്‌മീർ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രഭരണ പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദോഡ, കിഷ്‌ത്വാർ, പൂഞ്ച്, റംബാൻ, ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര ജില്ലകളിൽ 2,400 - 3,200 മീറ്ററിന് മുകളിൽ അപകട സാധ്യത കുറഞ്ഞ ഹിമപാതം സംഭവിക്കാൻ സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.