ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിലെ അർജുന അവാർഡ് ജേതാവായ ഡിവൈഎസ്‌പി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. പഞ്ചാബ് ആംഡ് പൊലീസ് (പിഎപി) ഡെപ്യൂട്ടി സൂപ്രണ്ട് ദൽബീർ സിങ് ഡിയോൾ (54) ആണ് ഇന്നലെ (ബുധന്‍) തലയ്ക്ക് വെടിയേറ്റ് മരിച്ചത് (Dalbir Singh Deol Murder). കൊലപാതകവുമായി ബന്ധപ്പെട്ട് വിജയ് കുമാർ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. യാത്രയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഓട്ടോ ഡ്രൈവർ കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. (Autorickshaw Driver Arrested for Murder of Punjab Armed Police DySP in Jalandhar)
സംഭവം നടന്ന് 48 മണിക്കൂറിനകമാണ് പ്രതി വലയിലായതെന്ന് ജലന്ധർ പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്നലുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിന് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
ഡിസംബർ 31ന് രാത്രി ന്യൂഇയർ പാർട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്താന്‍ വിജയ് കുമാറിന്‍റെ ഒട്ടോറിക്ഷയിലാണ് ദൽബീർ സിങ് കയറിയത്, യാത്രയ്ക്കിടെ ഡിയോളും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. തന്നെ തന്‍റെ ഗ്രാമത്തിലേക്ക് ഇറക്കിവിടണമെന്ന് ഡിയോൾ ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് നിന്ന ദൽബീറിന്‍റെ സർവീസ് പിസ്‌റ്റൾ തട്ടിപ്പറിച്ചുവാങ്ങി വിജയ് വെടിയുതിർത്തതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തോക്ക് മൃതദേഹത്തിനരികിൽ നിന്ന് തന്നെ കണ്ടെത്തി.