നൈനിറ്റാൾ(ഉത്തരാഖണ്ഡ്) : മക്കളുടെ വിവാഹമടുത്താല്‍ മാനസിക പിരിമുറുക്കങ്ങളിലൂടെയായിരിക്കും ഭൂരിഭാഗം മാതാപിതാക്കളും കടന്നുപോവുക. എല്ലാ കാര്യങ്ങളിലും കണ്ണെത്തണമെന്നതുകൊണ്ടുതന്നെ പലതും മറക്കുവാനും സാധ്യതയുണ്ട്. വിവാഹ മണ്ഡപത്തിലേയ്‌ക്കെത്തുവാന്‍ യാത്ര ചെയ്‌തിരുന്ന ഓട്ടോറിക്ഷയില്‍ ആറ് ലക്ഷം വില മതിക്കുന്ന സ്വര്‍ണവും 50,000 രൂപയും വധുവിന്‍റെ മാതാപിതാക്കള്‍ മറന്നുവെച്ചുവെങ്കിലും കൃത്യസമയത്ത് തന്നെ ഇവ തിരികെ ഏല്‍പ്പിച്ച് മാതൃകയായിരിക്കുകയാണ് ഭാഗേശ്വര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍.
സ്വര്‍ണവും പണവും കാണാതായതിനെ തുടര്‍ന്ന് വിവാഹ മണ്ഡപത്തില്‍ പരിഭ്രാന്ത്രി പരന്നിരുന്ന സമയത്താണ് ബാഗുമായി സ്ഥലത്തേയ്‌ക്ക് ഓട്ടോ ഡ്രൈവറായ കീര്‍ത്തി ബല്ലാഭ് ജോഷിയുടെ കടന്നുവരവ്. യാത്രക്കാരെ കല്ല്യാണ മണ്ഡപത്തില്‍ ഇറക്കിവിട്ടതിന് ശേഷം ഉച്ച ഭക്ഷണം കഴിച്ച് സവാരിക്കായി വീട്ടില്‍ നിന്ന് മടങ്ങവെയാണ് ഓട്ടോയില്‍ തന്‍റേതല്ലാത്ത ഒരു ബാഗ് കീര്‍ത്തി ജോഷിയുടെ കണ്ണില്‍പ്പെടുന്നത്. ആഭരണങ്ങളും പണവുമാണ് ബാഗിനുള്ളില്‍ എന്ന് മനസിലാക്കിയ ജോഷി ബാഗുമായി നേരെ മണ്ഡപത്തിലേയ്‌ക്ക് യാത്രതിരിച്ചു.