ന്യൂഡല്‍ഹി:റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനെത്തുടർന്ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് വർദ്ധിപ്പിച്ചു. ഇതോടെ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുതിച്ചുയര്‍ന്നു. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, രാജ്യത്തെ പ്രമുഖ മോർട്ട്ഗേജ് ലെൻഡർ എച്ച്ഡിഎഫ്സി ലിമിറ്റഡ് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകള്‍ ഇതിനകം പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
2023 സാമ്പത്തിക വർഷത്തില്‍ ജൂൺ 8 ലെ രണ്ടാം ദ്വിമാസ പണ നയ അവലോകനത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർത്തി 4.90 ശതമാനമാക്കി. റഷ്യ-യുക്രൈൻ യുദ്ധം മൂലം ലോക സാമ്പത്തിക ക്രമത്തില്‍ ഉണ്ടായ പ്രശ്നങ്ങളാണ് ആര്‍ബിഐയെ ഇത്തരത്തില്‍ ഒരു നീക്കത്തിലേക്ക് എത്തിച്ചത്. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനാണ് നടപടി.
സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് റിപ്പോ ലിങ്ക്ഡ് എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്ക് (ഇബിഎൽആർ) 2022 ജൂൺ 8 മുതൽ പലിശ നിരക്ക് 8.10 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായി ഉയർത്തി. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ആർഎൽഎൽആർ 6.90 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയർത്തി.