ലഖ്‌നൗ (ഉത്തർപ്രദേശ്) :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ (Auto Driver Raped Minor Girl in Lucknow- Accused Arrested Under POCSO Act). ലഖ്‌നൗ പിജിഐ പൊലീസ് സ്റ്റേഷൻ (Lucknow PGI Police) പരിധിയിലാണ് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇരയുടെ അമ്മ തിങ്കളാഴ്‌ച പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു. തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമ (POCSO) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
മകളുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതിനുപിന്നാലെ അമ്മയ്ക്ക് സംശയം തോന്നിയതാണ് സംഭവം പുറത്തറിയാന്‍ കാരണമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അമ്മയോട് കുട്ടി താന്‍ നേരിട്ട ദുരനുഭവം വിവരിച്ചു. തുടർന്ന് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പിതാവ് ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോയതിനാല്‍ വീട്ടില്‍ കുട്ടിയും അമ്മയും ഒറ്റയ്‌ക്കാണ്. ഇക്കാരണത്താല്‍ കുട്ടിയെ സ്‌കൂളിലാക്കാനും തിരിച്ചെത്തിക്കാനും പ്രതിയായ ഓട്ടോ ഡ്രൈവറെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. മകളോട് പ്രതി പ്രകടിപ്പിക്കുന്ന കരുതൽ കണ്ട് താന്‍ അയാളെ വിശ്വസിച്ചുപോയതായി ഇരയുടെ അമ്മ പറഞ്ഞു.