പ്രയാഗ്‌രാജ്: ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ജാവേദ് അഹമ്മദിന്‍റെ പ്രയാഗ്‌രാജിലെ വീട് പ്രയാഗ്‌രാജ് ഡവലപ്‌മെന്‍റ് അതോറിറ്റി പൊളിച്ചു നീക്കി. വീടിന്‍റെ രൂപരേഖ പിഡിഎക്ക് സമര്‍പ്പിച്ച് നിര്‍മാണാനുമതി വാങ്ങിക്കാതെ നിര്‍മിച്ച വീടാണെന്ന് ആരോപിച്ചാണ് പൊളിക്കല്‍ നടപടി. വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മെയ് 10ന് നോട്ടീസ് നൽകിയിരുന്നതായി അധികൃതര്‍ പറയുന്നു.
മെയ് 24ന് ജാവേദിനോട് ഹാജരാകാൻ പറഞ്ഞു. എന്നാല്‍ അന്നേ ദിവസം ജാവേദോ അഭിഭാഷകനോ ഹാജരായില്ല. തുടര്‍ന്ന് മെയ് 25ന് വീട് പൊളിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് മുതിർന്ന പിഡിഎ ഉദ്യോഗസ്ഥൻ പറയുന്നത്. രണ്ട് ജെസിബി ഉൾപ്പെടെ മൂന്ന് മെഷീനുകള്‍ ഉപയോഗിച്ചാണ് വീട് പൊളിച്ചത്.