ഹിമാചല്‍ പ്രദേശ്/ സോളന്‍ :വിഖ്യാത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ കുടുംബ വീട്ടില്‍ ആക്രമണം അഴിച്ചുവിട്ട് ജോലിക്കാരനും മകനും. ഹിമാചല്‍ പ്രദേശ് - സോളനിലെ അനീസ് വില്ലയിലാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം.
ജോലിക്കാരനായ ഗോവിന്ദ് റാമും മകനും ഉള്‍പ്പെടുന്ന സംഘമാണ് വീട്ടില്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ മറ്റൊരു ജോലിക്കാരന്‍ രാജേഷ് ത്രിപാഠി, സല്‍മാന്‍ റുഷ്‌ദിയുടെ കുടുംബ സുഹൃത്തായ റാണി ശങ്കര്‍ ദാസ്, മകന്‍ അനിരുദ്ധ് ശങ്കര്‍ ദാസ് തുടങ്ങിയവര്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് നേരെ ഗോവിന്ദ് റാമും മകനും അക്രമം അഴിച്ചുവിടുകയായിരുന്നു. ഗോവിന്ദ് റാം വാതില്‍ തകര്‍ത്താണ് അകത്തുകടന്നതെന്നും വീട്ടിലെ കണ്ണാടി സംഘം അടിച്ച് തകര്‍ത്തെന്നും ത്രിപാഠി പറഞ്ഞു.