കാൻബെറ: ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. കൊവിഡ് വ്യാപനത്തെ തുടർന്ന് താൽകാലികമായി നിർത്തിവച്ച സർവീസ് മെയ് 14 അർദ്ധരാത്രിയോടെ പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രീ-ഫ്ലൈറ്റ് ടെസ്റ്റിങോടു കൂടി ഓസ്‌ട്രേലിയൻ സർക്കാർ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:ഇന്ത്യൻ വിമാനങ്ങളെ വിലക്കി ഓസ്ട്രേലിയയും
അതേസമയം ഇന്ത്യയിലേക്ക് 1056 വെന്‍റിലേറ്ററുകളും 60 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ വിമാനം വെള്ളിയാഴ്‌ച സിഡ്‌നിയിൽ നിന്ന് പുറപ്പെട്ടതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്‌ച അയച്ച 1000ലധികം വെന്‍റിലേറ്ററുകൾക്കും 43 ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കും പുറമെയാണിത്. മെഡിക്കൽ സാധനങ്ങളുമായി ഇന്ത്യയിലേക്ക് എത്തുന്ന ഈ വിമാനം ഓസ്‌ട്രേലിയക്കാർക്ക് ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള സർക്കാർ സൗകര്യമുള്ള വിമാനമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പായി കൊവിഡ് നെഗറ്റീവ് പിസിആർ പരിശോധന ഫലവും ആന്‍റിജൻ പരിശോധന ഫലവും നൽകേണ്ടതാണ്.
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ റെക്കോർഡ് വർധനവുണ്ടായ സാഹചര്യത്തിലാണ് മെയ് മൂന്നിന് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ താമസിച്ചവർ രാജ്യത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ ജയിലോ പിഴയോ നേരിടേണ്ടിവരുമെന്ന ഓസ്‌ട്രേലിയയയുടെ മുന്നറിയിപ്പ് പ്രകോപനം സൃഷ്‌ടിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്:ഇന്ത്യയില്‍ നിന്നാണോ, ജയിലില്‍ അടയ്ക്കും; സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞ് ഓസ്ട്രേലിയ