കേരളം

kerala

ETV Bharat / bharat

എല്ലാം ശരിയായിരുന്നു, കലാശപ്പോര് വരെ...കട്ടറുകളും സ്ലോ ബോളുമായി അവരെത്തിയത് നല്ല ഹോം വർക്ക് ചെയ്‌ത് - World Cup final India

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക അങ്ങനെ കിരീടം ഉറപ്പിച്ച് എത്തിയവരയൊക്കെ ആധികാരികമായി പരാജയപ്പെടുത്തി എത്തിയ ഇന്ത്യയെ കൃത്യമായ ഗൃഹപാഠം ചെയ്‌താണ് ഓസീസ് ഫൈനലില്‍ കീഴടക്കിയത്.

Australia cricket World Cup title 2023
Australia cricket World Cup title 2023

By ETV Bharat Kerala Team

Published : Nov 20, 2023, 11:43 AM IST

Updated : Nov 20, 2023, 5:13 PM IST

ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാവുന്ന പിച്ച്, പരാജയമറിയാതെ 10 മത്സരങ്ങൾ. മികച്ച വിന്നിങ് കോമ്പിനേഷൻ. രോഹിതും കോലിയും ശ്രേയസും രാഹുലും മികച്ച ഫോമില്‍. ഓപ്പണർമാർ പരാജയപ്പെട്ടാല്‍ തിളങ്ങുന്ന മധ്യനിര. പേസർമാർ വിക്കറ്റ് കിട്ടാതെ അലഞ്ഞാല്‍ കറക്കി വീഴ്‌ത്തുന്ന കുല്‍ദീപും ജഡേജയും. അത്‌ഭുത പ്രകടനങ്ങളുമായി ഹീറോ പരിവേഷം നിറച്ച ഷമി. ഏത് ബാറ്ററും റൺസെടുക്കാൻ പ്രയാസപ്പെട്ട ബുംറ... അങ്ങനെ അങ്ങനെ പേരും പെരുമയും നിറച്ചാണ് ടീം ഇന്ത്യ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലേക്ക് മാർച്ച് ചെയ്‌തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക അങ്ങനെ കിരീടം ഉറപ്പിച്ച് എത്തിയവരയൊക്കെ ആധികാരികമായി പരാജയപ്പെടുത്തി സെമിയിലേക്ക്. സെമിയില്‍ കിവീസിനെ പറപ്പിച്ച് വിട്ട് കലാശപ്പോരിന്... ഇന്ത്യ കിരീടം ഉറപ്പിച്ചുവെന്ന് ക്രിക്കറ്റ് ലോകം എഴുതിവെച്ചു. മാധ്യമങ്ങൾ പുതിയ തലക്കെട്ടുകൾക്കായി തലപുകച്ചു. രോഹിത്തോ കോലിയോ ലോകകപ്പിലെ മികച്ച താരം എന്ന ചർച്ചയ്‌ക്കൊപ്പം ഷമിയും രാഹുലും ബുംറയും വരെ ആ പട്ടികയിലേക്ക് തള്ളിക്കയറി.

അങ്ങനെ ഫൈനലില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടോസ് വീണു. ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാവുന്ന പിച്ചില്‍ അപ്രതീക്ഷിതമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. കോലിക്ക് ശേഷം ഇന്ത്യയുടെ ബാറ്റിങ് രാജകുമാരനായി എഴുതിവെച്ച ശുഭ്‌മാൻ ഗില്ലും ഇന്ത്യയ്ക്ക് വേണ്ടി ലോക ക്രിക്കറ്റ് കിരീടമുയർത്തുമെന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ വിശ്വസിച്ചിരുന്ന രോഹിത് ശർമയും ക്രീസിലെത്തി.

ബാറ്റിങ് തുടങ്ങിയപ്പോൾ തന്നെ പിച്ചിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. സ്ലോ പിച്ചാണ്. കരുതലോടെ ബാറ്റ് ചെയ്യണം... കമന്‍ററി ബോക്‌സില്‍ വിദഗ്ധൻമാരുടെ അവലോകനം. അതിനിടെ രോഹിത് അടി തുടങ്ങിയിരുന്നു. രോഹിതിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്ന ജോഷ് ഹാസില്‍വുഡിനെ തെരഞ്ഞ് പിടിച്ചാണ് അടി. മിച്ചല്‍ സ്റ്റാർക്കിന്‍റെ ലെങ്‌ത് ബോൾ നേരിട്ട ശുഭമാൻ ഗില്ലിന്‍റെ പുൾ ഷോട്ട് ആഡം സാംപയുടെ കൈയിലെത്തുമ്പോൾ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം നിശബ്‌ദമായിരുന്നു. പക്ഷേ പാഡണിഞ്ഞ് വിരാട് കോലി ഗ്രൗണ്ടിലെത്തുമ്പോൾ സ്റ്റേഡിയം വീണ്ടും ആർത്തലച്ചുതുടങ്ങി.

ഗില്‍ പോയതൊന്നും വകവയ്ക്കാതെ രോഹിത് വീണ്ടും അടിതുടങ്ങി. ഓസീസ് നായകൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ കൊണ്ടുവരുന്നു. ആദ്യത്തെ ബൗളിങ് ചെയ്‌ഞ്ച്. ആര് വന്നാലും പ്രശ്‌നമല്ലെന്ന ഭാവത്തിലായിരുന്നു രോഹിത്. പക്ഷേ ആ ഓവർ ഇന്ത്യയുടെ വിധിയെഴുതി. വീണ്ടും സിക്‌സ് അടിക്കാനുള്ള ശ്രമം മനോഹരമായൊരു റണ്ണിങ് ആൻഡ് ഡൈവിങ് ക്യാച്ചിലൂടെ ഹെഡ് കൈയിലൊതുക്കി.

ഗാലറി വീണ്ടും നിശബ്‌ദം. പക്ഷേ ഇതുവരെയുള്ള ഇന്ത്യയുടെ കളി കണ്ടവർ അതൊന്നും കാര്യമാക്കിയില്ല. കാരണം അതുവരെ അതി ശക്തമായിരുന്നു ഇന്ത്യൻ മധ്യനിര. അതുകൊണ്ടു തന്നെ ഓസീസ് നായകൻ കമ്മിൻസ് മറ്റൊരു പ്ലാനുമായാണ് എത്തിയിരുന്നത്. കമ്മിൻസിന്‍റെ മനോഹരമായൊരു ഇൻസ്വങർ. അതും ഓഫ് സ്റ്റമ്പിനോട് ചേർന്ന്. ശ്രേയസിന്‍റെ ബാറ്റിലുരസി കീപ്പർ ഇംഗ്ലിസിന്‍റെ കൈകളില്‍ വിശ്രമിച്ചപ്പോൾ മികച്ച ഫോമിലായിരുന്ന കോലിക്ക് കൂട്ടാകുമെന്ന് പ്രതീക്ഷിച്ചുന്ന അയ്യർ പവലിയനില്‍ തിരിച്ചെത്തി. പക്ഷേ ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ കൈവിടാനാകില്ലല്ലോ...

മധ്യനിരയിലെ യഥാർഥ പോരാളി വന്നു... കെഎല്‍ രാഹുല്‍. പിന്നീട് കണ്ടത് ഓസീസ് ബോളർമാരുടെ സ്ലോ ബോളുകളും കട്ടറുകളും. വേഗമേറിയ ലെങ്‌ത് ബോളുകളും ബൗൺസറുകളും പ്രതീക്ഷിച്ച കോലിയേയും ശ്രേയസിനെയും കാത്തിരുന്നത് ഒരു ഓവറിലെ ആറ് പന്തും ആറ് രീതിയില്‍ എറിയുന്ന പേസർമാരെ... അതിനൊപ്പം ആഡം സാംപയുടെ ടൈറ്റ് ലെങ്ത് ലെഗ് സ്പിന്നും. സിംഗിളുകൾ മാത്രമായിരുന്നു കോലിക്കും രാഹുലിനും സ്‌കോർ ഉയർത്താനുള്ള മാർഗം. ബൗണ്ടറി കണ്ടെത്താൻ ഇരുവരും നന്നേ പാടുപെട്ടു.

ഓസീസ് ഫീല്‍ഡർമാരുടെ കൈയ്മെയ് മറന്നുള്ള പ്രകടനം കൂടിയായപ്പോൾ ഇന്ത്യ വെള്ളം കുടിച്ചുതുടങ്ങി. അതിനിടെ കോലി അർധ സെഞ്ച്വറി പിന്നിട്ടു. റെക്കോഡ് ബുക്കില്‍ കോലി മറ്റൊരു പൊൻതൂവല്‍ കൂടി ചേർത്തയുടൻ കമ്മിൻസ് വീണ്ടും വന്നു. കോലി ബൗൾഡ്. അതോടെ ശരിക്കും ഡിഫൻസിലായത് രാഹുലാണ്. സ്കോർബോർഡ് ചലിപ്പിക്കാനല്ല, പിടിച്ചുനില്‍ക്കാനാണ് ആള് വേണ്ടതെന്ന ടീം മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തലില്‍ കൂറ്റനടിക്കാരൻ സൂര്യകുമാറിന് പകരം രാഹുലിന് കൂട്ടായി എത്തിയത് രവി ജഡേജ.

ഇത്തവണ കമ്മിൻസ് ജോഷ് ഹാസില്‍വുഡിനെ തിരിച്ചുവിളിച്ചു. ഓഫ് സൈഡില്‍ മനോഹരമാരു കട്ടർ. ജഡേജയുടെ ബാറ്റിലുരസിയ പന്ത് ഇംഗ്ലിസിന്‍റെ കൈകളില്‍ സേഫ്. അർധ സെഞ്ച്വറി കടന്ന രാഹുലിന് കൂട്ടായി സൂര്യകുമാറെത്തി (ഇന്ത്യൻ ടീമിന്‍റെ എക്‌സ്‌ ഫാക്‌ടർ). ആഭ്യന്തര മത്സരങ്ങളില്‍ ഒറ്റയാൾ (അത്‌ഭുത) പ്രകടനത്തിലൂടെ വമ്പൻ സ്‌കോറുകൾ നേടിയിട്ടുള്ള സൂര്യകുമാറിന് അഹമ്മദാബാദില്‍ ഒന്നും ചെയ്യാനായില്ല. അതിനിടെ സ്റ്റാർക്കിന്‍റെ മനോഹരമായൊരു ഓഫ് കട്ടറില്‍ രാഹുല്‍ വീണു. കൂട്ടായി എത്തിയവർക്ക് സ്ട്രൈക്ക് കൈമാറണോ കണ്ണും പൂട്ടി അടിക്കണോ എന്ന ആശയക്കുഴപ്പത്തില്‍ നിന്ന സൂര്യകുമാർ ഹൗസില്‍വുഡിന്‍റെ ബൗൺസറിന് ബാറ്റ് വെച്ചതോടെ ഇന്ത്യൻ ഇന്നിംഗ്‌സിലെ അവസാന പ്രതീക്ഷയും അവസാനിച്ചു.

കളി തീർന്നില്ല:241 എന്ന താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കാൻ ശേഷിയുള്ള ബൗളിങ് ലൈനപ്പാണ് ഇന്ത്യയുടേത് എന്ന് വിശ്വസിക്കാനായിരുന്നു ആരാധകർക്ക് ഇഷ്‌ടം. അതിനെ ശരിവെയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ ബൗളിങ് തുടക്കവും ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമി വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിനനാലെ മാർഷിനെയും സ്‌മിത്തിനെയും പുറത്താക്കി ബുംറ കൂടി തിളങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമെത്തി.

പക്ഷേ ഒരു വശത്ത് കൂളായി നിലയുറപ്പിച്ച ട്രവിസ് ഹെഡിന് കൂട്ടായി മാർനസ് ലബുഷെയിൻ എത്തിയതോടെ രോഹിത് തന്ത്രം മാറ്റി. കുല്‍ദീപും ജഡേജയും പന്തുമായെത്തി. ഇന്ത്യയുടെ തന്ത്രത്തിന് ഓസീസ് ബാറ്റർമാർ മറുതന്ത്രമിറക്കി. പതിയെ തുടങ്ങിയ ലബുഷെയിനും അടിച്ചുതകർത്ത ഹെഡും ചേർന്ന് ഓസീസിനെ വിജയതീരത്ത് എത്തിക്കുമ്പോൾ ഒടിടി പ്ലാറ്റ്‌ഫോമില്‍ കളി കണ്ടിരുന്നവരുടെ എണ്ണം കോടികളില്‍ നിന്ന് ലക്ഷത്തിലേക്ക് കുറയുകയായിരുന്നു.

നിറഞ്ഞുകവിഞ്ഞ നരേന്ദ്രമോദി സ്റ്റേഡിയം നിശബ്‌ദമായി. ഹെഡിനെ സിറാജ് പുറത്താക്കിയെങ്കിലും വിജയറൺ ഓടിയെടുത്ത് മാക്‌സ്‌വെല്ലും ലബുഷെയിനും ഓസീസിന് ആറാം ഏകദിന ക്രിക്കറ്റ് ലോകകിരീടം സമ്മാനിച്ചു. കമ്മിൻസ് പറഞ്ഞതിങ്ങനെ 'ഈ വമ്പൻ സ്റ്റേഡിയം നിശബ്‌ദമാകുമ്പോൾ കിട്ടുന്ന സംതൃപ്‌തി'... ആ സംതൃപ്‌തിക്കായി അവർ കൃത്യമായി ഗൃഹപാഠം ചെയ്‌തിരുന്നു.

പേരുകേട്ട ഇന്ത്യൻ ബാറ്റർമാരെ, പേസർമാരെ, സ്പിന്നർമാരെ അതിലെല്ലാമുപരി അഹമ്മദാബാദിലെ പിച്ചിനെ എല്ലാം കൃത്യമായി മനസിലാക്കി പഠിച്ചാണ് ഓസീസ് കളിതുടങ്ങിയത്. കിരീടം ഉറപ്പിച്ചിറങ്ങിയ ഇന്ത്യ ആ ഗൃഹപാഠത്തിന് മുന്നിലാണ് തോറ്റത്. ഏതൊരു ഗെയിമും പോലെ ക്രിക്കറ്റിലും പ്രൊഫഷണലിസം ഒരു പ്രധാന ഘടകമാണ്.

ആരാധകരുടെ ആവേശവും ഒറ്റയാൾ പോരാട്ടങ്ങളും റെക്കോഡ് ബുക്കുകളും മാത്രമല്ല കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഓസീസ് കാണിച്ചുതന്ന ഒരു വഴിയുണ്ട്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ് ടൂർണമെന്‍റില്‍ അവസാന സ്ഥാനത്ത് നിന്ന് സ്വപ്‌ന കിരീടം കൈപ്പിടിയിലൊതുക്കിയ ടീമില്‍ നിന്ന് ഇന്ത്യയ്ക്ക് പഠിക്കാൻ ഇനിയും ഏറെയുണ്ട്.

also read: രോഹിത്തും കോലിയും വിഷമിക്കേണ്ട, ഏഴാം മാസത്തില്‍ ടി20 ലോകകപ്പ് വരുന്നുണ്ട്

Last Updated : Nov 20, 2023, 5:13 PM IST

ABOUT THE AUTHOR

...view details