ദുബായ്: മിച്ചല്‍ മാർഷും ഡേവിഡ് വാർണറും തകർത്തടിച്ചപ്പോൾ ടി20 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്. ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഓസീസ് 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
നായകൻ ആരോൺ ഫിഞ്ച് അഞ്ച് റൺസ് മാത്രം എടുത്ത് പുറത്തായെങ്കിലും വൺഡൗണായെത്തിയ മിച്ചല്‍ മാർഷിന്‍റെ പ്രകടനം ഓസീസ് വിജയത്തില്‍ നിർണായകമായി. മാർഷ് 50 പന്തില്‍ നാല് സിക്‌സിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയോടെ 77 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഡേവിഡ് വാർണർ 38 പന്തില്‍ 53 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിംഗ്‌സ്. ഗ്ലെൻ മാക്‌സ്‌വെല്‍ 18 പന്തില്‍ 28 റൺസെടുത്ത് പുറത്താകാതെ നിന്നു. ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ദുബായില്‍ ഓസ്ട്രേലിയ നേടിയത്.
കന്നിക്കിരീടവുമായി ഓസീസ്
2010ല്‍ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഇത് ആദ്യ ടി20 ലോകകപ്പ് കിരീടമാണ്.
ട്രെൻഡ് ബോൾട്ട് മാത്രമാണ് കിവിസ് നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. ബോൾട്ട് നാല് ഓവറില്‍ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.
പാഴായ പോരാട്ടവുമായി കെയ്‌ൻ വില്യംസൺ
ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണിന്‍റെ അർദ്ധ സെഞ്ച്വറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. കെയ്‌ൻ 48 പന്തില്‍ മൂന്ന് സിക്‌സിന്‍റെയും 10 ഫോറുകളുടേയും അകമ്പടിയോടെ 85 റൺസെടുത്ത് പുറത്തായി. ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ വിൻഡീസ് ബാറ്റർ മർലോൺ സാമുവല്‍സിന്‍റെ റെക്കോഡിന് ഒപ്പമെത്താനും വില്യംസണായി.
മാർട്ടിൻ ഗപ്‌റ്റിൻ (28), ഗ്ലെൻ ഫിലിപ്‌സ് (18), ഡാരല്‍ മിച്ചല്‍ (11) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ജെയിംസ് നീഷാം (13), ടിം സെയ്‌ഫെർട്ട് (8) എന്നിവർ പുറത്താകാതെ നിന്നു. ജോഷ് ഹാസില്‍ വുഡ് നാല് ഓവറില്‍ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആഡം സാംപ നാല് ഓവറില്‍ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
പാറ്റ് കമ്മിൻസ് നാല് ഓവറില്‍ വിക്കറ്റൊന്നും നേടാത 27 റൺസ് വിട്ടുകൊടുത്തു. നാല് ഓവറില്‍ 60 റൺസ് വഴങ്ങിയ മിച്ചല്‍ സ്റ്റാർക്ക് ആണ് ഏറ്റവുമധികം തല്ലുവാങ്ങിയത്.