മുംബൈ: മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഗെയിറ്റ് വേ ഓഫ് ഇന്ത്യയില്‍ വിള്ളല്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സ്‌മാരകത്തിന്‍റെ അറ്റക്കുറ്റപ്പണികള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച സ്‌മാരകത്തിന് ഒന്നര നൂറ്റാണ്ടാണ് പഴക്കം.
അടുത്തിടെ അധികൃതര്‍ നടത്തിയ സ്‌ട്രക്‌ച്ചറല്‍ ഓഡിറ്റിങിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. ഓഡിറ്റില്‍ വിള്ളലുകള്‍ കണ്ടെത്തിയിനെ തുടര്‍ന്ന് പുരാവസ്‌തു ഗവേഷണ വിഭാഗം എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗെയിറ്റ് വേ ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ ഒന്നിലധികം വിള്ളലുകള്‍ വീഴുകയും പായലുകള്‍ പടര്‍ന്നു പിടിക്കുകയും സിമന്‍റ് കോണ്‍ക്രീറ്റിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തുവെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അറ്റകുറ്റപണികള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും: അടുത്തിടെയുണ്ടായ ചുഴലിക്കാറ്റില്‍ കെട്ടിടത്തിന്‍റെ ഒരു വശത്തെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. തുടര്‍ന്ന് താല്‍കാലികമായി അധികൃതര്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍, ചരിത്ര പ്രസിദ്ധമായ സ്‌മാരകത്തിന്‍റെ അറ്റക്കുറ്റപണികള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നിര്‍വഹിക്കുമെന്ന് മുംബൈയിൽ നടന്ന പുണ്യശ്ലോക് അഹല്യഭായ് ഹോൾക്കർ അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് പുരി അറിയിച്ചു.
കെട്ടിടത്തിന്‍റെ തകരാറിനെക്കുറിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗത്തിലെ അധികാരികളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് സ്‌മാരകം നന്നാക്കുവാനും സംരക്ഷിക്കുവാനുമുള്ള എല്ലാ നടപടികളും ചെയ്യുമെന്നും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രി വ്യക്തമാക്കി. ചരിത്ര പ്രസിദ്ധമായ സ്‌മാരകങ്ങള്‍ സംരക്ഷിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്‌ട്ര വനിത ദിനത്തോട് അനുബന്ധിച്ച് വിജയികളായ സ്‌ത്രീകളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.