ന്യൂഡല്‍ഹി:ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടറി ജനറല്‍ പുറത്തിറക്കി. വധശ്രമ കേസില്‍ എംപി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. മുഹമ്മദ് ഫൈസലിനെതിരായി ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതല്‍ അദ്ദേഹത്തെ ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതായി ഉത്തരവില്‍ പറയുന്നു.
ക്രിമിനല്‍ കേസില്‍ എംപിയെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് ചട്ടപ്രകാരമുള്ള നടപടി. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങാണ് ഉത്തരവിറക്കിയത്. കേസില്‍ പത്ത് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി ചൊവ്വാഴ്‌ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തിൽ വിശദമായ വാദം കേള്‍ക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. മുഹമ്മദ് ഫൈസൽ, സഹോരൻമാരായ അമീർ, പഠിപ്പുരക്കൽ ഹുസൈൻ അടക്കമുള്ളവരാണ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ സമര്‍പ്പിച്ചത്.
തെളിവുകൾ പക്ഷപാതപരമാണ്, ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല, വധശ്രമവകുപ്പ് ചുമത്താൻ തക്ക രീതിയിൽ ജീവഹാനിക്ക് കാരണമാകുന്ന പരിക്കുകൾ ഉണ്ടായിട്ടില്ല, കേസ് ഡയറിയിലെ വൈരുധ്യങ്ങള്‍ കീഴ്‌ക്കോടതി മുഖവിലയ്‌ക്കെടുത്തില്ല തുടങ്ങിയ വാദങ്ങള്‍ എംപി അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. 2009ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഷെഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
മുൻ കേന്ദ്രമന്ത്രി പി.എം സെയ്‌ദിന്‍റെ മരുമകനാണ് ആക്രമിക്കപ്പെട്ടത്. ആകെ 32 പേരായിരുന്നു കേസിൽ പ്രതികൾ. അതിൽ എംപി മുഹമ്മദ് ഫൈസലിന്‍റെ സഹോദരനുൾപ്പടെ നാല് പേരെയാണ് 10 വർഷം തടവിന് കവരത്തി കോടതി ശിക്ഷിച്ചത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍.