അഹമ്മദ്‌നഗര്‍ :പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര അഹമ്മദ്‌നഗറില്‍ സംഗംനേറിലാണ് സംഭവം. ബിഹാര്‍ സ്വദേശികളായ അക്രം ഷഹാബുദ്ദീന്‍ ഷെയ്‌ഖ്, നേമത്തുള്ള ഷെയ്‌ഖ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴിയുള്ള മതപരിവര്‍ത്തനമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണ് പൊലീസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ പബ്‌ജി ഗെയിം വഴിയാണ് മഹാരാഷ്‌ട്ര സ്വദേശിയായ ഹിന്ദു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് വാട്‌സ്‌ആപ്പ് വഴി യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്നാണ് യുവാക്കള്‍ പെണ്‍കുട്ടിയെ കാണാന്‍ സംഗംനേറില്‍ എത്തിയത്.
പറഞ്ഞ വിവരങ്ങള്‍ വച്ച് ഇവര്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെയാണ് ഇവരുടെ പദ്ധതി പരാജയപ്പെട്ടത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും യുവാക്കളെ പിടികൂടി സംഗംനേര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് സംഗംനേറിലെ സംഭവം. കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഹാര്‍ അലിനഗര്‍ ദര്‍ഭംഗ സ്വദേശികളാണ് അറസ്റ്റിലായ അക്രം ഷഹാബുദ്ദീന്‍ ഷെയ്‌ഖും നേമത്തുള്ള ഷെയ്‌ഖും.
യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച് ഗുണ്ട നേതാവ് : യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഗുണ്ട നേതാവ് വിവാഹം കഴിച്ച സംഭവം ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രദേശത്തെ ഗുണ്ട നേതാവായ പുഷ്പേന്ദ്ര സിങ്ങും സംഘവുമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ശേഷം ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി വിവാഹം കഴിക്കുകയും കയ്യിലെടുത്ത് അഗ്‌നിക്ക് ചുറ്റും വലം വയ്‌ക്കുകയും ചെയ്യുകയായിരുന്നു.
യുവതിയെ പുഷ്പേന്ദ്ര സിങ് കൈകളിൽ എടുത്തുയർത്തി അഗ്‌നിക്ക് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതും യുവതി നിലവിളിച്ച് കരയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹി വനിത കമ്മിഷൻ ചെയർപേഴ്‌സണ്‍ സ്വാതി മലിവാൾ വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുകയും സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
ജൂണ്‍ 12ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ യുവതിയെ തനിക്ക് വിവാഹം ചെയ്‌ത് നൽകണം എന്നാവശ്യപ്പെട്ട് പുഷ്പേന്ദ്ര യുവതിയുടെ വീട്ടുകാരെ സമീപിക്കുകയും വീട്ടുകാര്‍ തയ്യാറാകാതിരുന്നതോടെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. യുവതിയും വീട്ടുകാരും വഴങ്ങിയില്ല.
ജൂണ്‍ ഒന്നിന് ഇയാള്‍ 12 ഗുണ്ടകളുമായി ജയ്‌സാൽമീറിലെ മോഹൻഗഡ് ഏരിയയിലുള്ള യുവതിയുടെ വീട്ടിൽ എത്തുകയും ഇവിടെ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് ഇവർ യുവതിയെ ഗ്രാമത്തിന് പുറത്തുള്ള മരുഭൂമിയുടെ ഭാഗത്ത് എത്തിച്ച് അവിടെ വച്ച് ബലമായി വിവാഹം കഴിക്കുകയും ചെയ്‌തു. യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കൾ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയെ കണ്ടെത്തി പ്രതികളിൽ നിന്ന് മോചിപ്പിച്ചു.