വീണ്ടും പുകഞ്ഞ് മണിപ്പൂര്‍ ഇംഫാല്‍:ദിവസങ്ങള്‍ നീണ്ട അസ്വസ്ഥതകള്‍ക്ക് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍. ഇതിന്‍റെ ഭാഗമായി ബിഷ്‌ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളില്‍ കരസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (ആർഎഎഫ്) വ്യാഴാഴ്‌ച കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതില്‍ 17 പേര്‍ക്ക് പരിക്കേറ്റു. മാത്രമല്ല സംഘര്‍ഷത്തില്‍ പശ്ചാത്തലത്തില്‍ കിഴക്ക് പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സമാധാനം നിലനിര്‍ത്താന്‍:ജില്ലയിൽ ക്രമസമാധാനനില തകരാറിലാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാല്‍, അനിഷ്‌ട സംഭവങ്ങൾ തടയുന്നതിനും ജീവനും സ്വത്തിനും നാശനഷ്‌ടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ എന്ന നിലയിൽ വ്യാഴാഴ്‌ച (03.08.2023) പുലർച്ചെ അഞ്ച് മണി മുതൽ രാത്രി എട്ടുമണി വരെ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചതായി ഇംഫാൽ വെസ്‌റ്റ് ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കര്‍ഫ്യൂ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇതുമുഖേന പൊതുജനങ്ങളുടെ താമസസ്ഥലത്തിന് പുറത്തേക്കുള്ള സഞ്ചാരത്തില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്നും ഉത്തരവിലുണ്ട്.
ആരോഗ്യം, വൈദ്യുതി, പിഎച്ച്ഇഡി, പെട്രോൾ പമ്പുകൾ, സ്‌കൂളുകൾ/കോളജുകൾ, മുനിസിപ്പാലിറ്റി തുടങ്ങിയ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ സഞ്ചാരവും പത്ര-ഇലക്‌ട്രോണിക് മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം, വിമാനത്താവളത്തിലേക്കുള്ള വിമാന യാത്രക്കാരുടെ സഞ്ചാരം എന്നിവയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും ജില്ല മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.
സംസ്‌കാരവും സംഘര്‍ഷവും: ഇതിനിടെ മണിപ്പൂരിലെ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുക്കി-സോമി വിഭാഗങ്ങളില്‍പെട്ട 35 പേരുടെ കൂട്ടസംസ്‌കാരം ചുരാചന്ദ്പൂർ ജില്ലയിലെ നിർദ്ദിഷ്‌ട ശ്മശാനത്തില്‍ നടത്തുന്നത് വ്യാഴാഴ്ച (03.08.2023) രാവിലെ മണിപ്പൂർ ഹൈക്കോടതി തടഞ്ഞിരുന്നു. വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് എം.വി മുരളീധരനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ തങ്ങളുമായി നടത്തിയ മാരത്തോൺ ചർച്ചയെ തുടർന്ന് സംസ്‌കാര ചടങ്ങുകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി കുക്കി നേതാക്കൾ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യർഥനയെത്തുടർന്ന് കുക്കി-സോമി വിഭാഗം സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറമാണ് (ഐടിഎൽഎഫ്) സംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്‌ക്കാമെന്ന സമ്മതമറിയിച്ചത്.
എന്നാല്‍ ഉത്തരവ് നടപ്പിലാക്കാനുള്ള സുരക്ഷ സേനയുടെ നീക്കം തടയാൻ ആയിരക്കണക്കിന് പ്രദേശവാസികൾ തെരുവിലിറങ്ങിയതോടെ ബിഷ്ണുപൂർ ജില്ലയിൽ രാവിലെ മുതൽ തന്നെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിനിടെ ശ്മശാന സ്ഥലമായ തുയ്ബുവോങ്ങിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ത്രീകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സൈന്യവും ആർഎഎഫ് ഉദ്യോഗസ്ഥരും സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് കണ്ണീര്‍വാതക പ്രയോഗത്തിലേക്ക് സേനയ്‌ക്ക് നീങ്ങേണ്ടിവന്നത്.
അശാന്തി ഒഴിയുന്നില്ല:ഇക്കഴിഞ്ഞ മെയ് മൂന്ന് മുതലാണ് മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. സംഘർഷം രൂക്ഷമായതോടെ ഇതുവരെ കുറഞ്ഞത് 120 പേര്‍ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്‌തു. മാത്രമല്ല കുക്കി വിഭാഗത്തിലെ സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ചോദ്യം ചെയ്‌ത് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ സഭയ്‌ക്ക് അകത്തും പുറത്തും പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു.