പൂനെ :ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനിലെ ( Defense research and development organization) ശാസ്‌ത്രജ്ഞനായിരുന്ന പ്രദീപ് കുരുല്‍ക്കര്‍ രണ്ട് സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് എടിഎസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്). ഡിആര്‍ഡിഒ ക്യാമ്പസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്‌ത്രീകളാണ് ലൈംഗിക ചൂഷണത്തിന് ഇരകളായത്. ഇദ്ദേഹത്തിനെതിരായ ചാരക്കേസ് അന്വേഷണത്തില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
1837 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഡോ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യന്‍ മിസൈലിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് വനിത ഏജന്‍റായ, സാറ ദാസ് ഗുപ്‌തയെന്ന് പരിചയപ്പെടുത്തിയ യുവതിക്ക് കൈമാറിയെന്നതാണ് കേസ്. പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാനുവേണ്ടി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന വിവരം പുറത്ത് വന്നതോടെയാണ് വിഷയത്തില്‍ എടിഎസ് അന്വേഷണം ആരംഭിച്ചത്.
കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുംബൈയിലെ ഡിആര്‍ഡിഒയുടെ ഗസ്റ്റ് ഹൗസിലെ സിസിടിവിയില്‍ കണ്ടെത്തിയ സ്‌ത്രീകളെ കുറിച്ചും അന്വേഷണമുണ്ടായത്. ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളില്‍ ആറ് സ്‌ത്രീകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബ്രഹ്മോസ് മിസൈൽ, അഗ്നി-6 മിസൈൽ, ആകാശ് മിസൈൽ, അസ്ത്ര മിസൈൽ, ഡ്രോൺ പ്രൊജക്‌ട്, റുസ്‌തം പ്രൊജക്റ്റ്, ക്വാപ്റ്റർ, ഇന്ത്യൻ നികുഞ്ച് പരാശർ, യുസിഎവി, ഡിആർഡിഒ ഡ്യൂട്ടി ചാർട്ട്, മിസൈൽ ലോഞ്ചർ, മെറ്റിയോർ മിസൈൽ, എംബിഡിഎ, എന്നിവയെ കുറിച്ച് ഡോ. കുരുൽക്കർ സാറ ദാസിന് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുരുല്‍ക്കറിന്‍റെ ചാരവൃത്തിയും അറസ്റ്റും :മെയ് 4നാണ് ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രത്തില്‍ നിന്ന് സുപ്രധാന വാര്‍ത്ത പുറത്തുവന്നത്. പാക് ഏജന്‍റിന് രഹസ്യ വിവരം ചോര്‍ത്തി കൊടുത്ത സംഭവത്തില്‍ ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ അറസ്റ്റിലാവുകയായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി പ്രവര്‍ത്തകരുമായി ഇദ്ദേഹം വാട്‌സ്‌ആപ്പ് കോളിലൂടെയടക്കം ബന്ധപ്പെടാറുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.