ബിഹാർ: ഡിസംബർ 13ന് നടന്ന പാർലമെന്‍റ് സുരക്ഷാവീഴ്‌ചയുടെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌ത് അന്വേഷണ സംഘം (ATS and Delhi Police Grill Lalit Jhas Parents Brothers). ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് (Anti Terrorism Squad) ബിഹാറിലെ ദർഭംഗ ജില്ലയിലെ രാംപൂർ ഉദയ് ഗ്രാമത്തിലെ വീട്ടിലെത്തി ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്.
ഇന്ന് (ചൊവ്വ) രാവിലെയാണ് ഡൽഹി പൊലീസ് (Delhi Police) ചോദ്യം ചെയ്യലിനായി വീട്ടിലെത്തിയത്. ഭീകരവിരുദ്ധ സേന (ATS) ഇന്നലെ വൈകിട്ട് തന്നെ ലളിത് ഝായുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തു. ലളിത് ഝായുടെ അച്ഛൻ ദേവാനന്ദ് ഝാ, അമ്മ മഞ്ജുള ഝാ, ഇളയ സഹോദരന്മാരായ ഹരിദർശൻ ഝാ, ശംഭു ഝാ എന്നിവരെയാണ് ചോദ്യം ചെയ്‌തത്.
അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതായും രണ്ടുമണിക്കൂറോളം ചോദ്യം ചെയ്‌തതായും ലളിത് ഝായുടെ പിതാവ് ദേവാനന്ദ് ഝാ സ്ഥിരീകരിച്ചു. "എടിഎസ് അന്വേഷണ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തിയിരുന്നു. ബഹേറ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്‌തു." ദേവാനന്ദ് ഝാ പറഞ്ഞു.