ഹാര്‍ദ: മധ്യപ്രദേശില്‍ ഉന്നത ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത ദലിത് യുവതിക്ക് ഗ്രാമവാസികളുടെ പീഡനം. ശൗചാലയത്തില്‍ പോകുമ്പോള്‍ ഉന്നത ജാതിക്കാര്‍ പുറത്തു നിന്നും കല്ലെറിയുന്നതായും പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ക്ഷേത്രത്തില്‍ കയറ്റുന്നില്ലെന്നും യുവതി ആരോപിച്ചു. നാളുകളായി നീളുന്ന ക്രൂരതയ്‌ക്കെതിരെ രണ്ട് തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി ഇടിവി ഭാരതിനോട് പറഞ്ഞു.
മധ്യപ്രദേശിലെ ഹർദ നഗരത്തിലെ നയാ ബസ് സ്റ്റാൻഡ് പരിസരത്താണ് ഇവര്‍ താമസിക്കുന്നത്. നാല് വർഷം മുമ്പായിരുന്നു യുവതി ഉന്നത ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്തത്. ഇതിന് സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായി. വിവാഹം കഴിഞ്ഞപ്പോൾ മുതൽ അയൽപക്കത്തുള്ളവർ തന്നെ ശല്യപ്പെടുത്തിയിരുന്നതായും തന്നെ കാണുമ്പോള്‍ വംശീയമായും ജാതീയമായും അധിക്ഷേപിച്ചിരുന്നു എന്നും യുവതി പറഞ്ഞു.
Also Read: തൃക്കുന്നപ്പുഴയിലെ ജാതി വിവേചനം: ചിത്രയുടെ വീട് നിര്‍മാണം പുനരാരംഭിച്ചു
സമീപത്തെ സർക്കാർ ടാപ്പിൽ നിന്ന് വെള്ളം നിറയ്ക്കാൻ അനുവദിക്കുന്നില്ല. വെള്ളമെടുക്കാൻ ചെല്ലുമ്പോള്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ശൗചാലയത്തില്‍ പോകുമ്പാള്‍ പുറത്ത് നിന്ന കല്ലെറിയുന്നതായും യുവതി ഇടിവി ഭാരതിനോട് പ്രതികരിച്ചു.