ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ (Jawan) രാജ്യത്തെ ഒന്നടങ്കം വിസ്‌മയിപ്പിച്ചിരിക്കുകയാണ്. ബിഗ് സ്‌ക്രീനില്‍ ആഘോഷിച്ച ചിത്രം ബോക്‌സോഫിസില്‍ കൊടുങ്കാറ്റായി മാറി. ഇന്ത്യയില്‍ നിന്നു മാത്രം 500 കോടി കലക്ഷനിലേക്ക് അടുക്കുന്ന ചിത്രം ആഗോള തലത്തില്‍ 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.
സെപ്‌റ്റംബര്‍ ഏഴിന് റിലീസായ ചിത്രം, ഇതിനോടകം തന്നെ സിനിമയുടെ സക്‌സസ് മീറ്റും നടത്തി. ഇപ്പോഴിതാ ജവാന്‍റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തന്‍റെ പദ്ധതികളെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ അറ്റ്‌ലി കുമാര്‍.
അറ്റ്‌ലി ഇതുവരെ അഞ്ച് സിനിമകളാണ് സംവിധാനം ചെയ്‌തിട്ടുള്ളത്. സംവിധാനം ചെയ്‌ത എല്ലാ സിനിമകളും ബ്ലോക്ക്ബസ്‌റ്ററുകളായി മാറിയിരുന്നു. എന്നാൽ 'ജവാൻ' എന്ന ചിത്രത്തിലൂടെ അറ്റ്‌ലി പുതിയൊരു സാധ്യത തുറന്ന്, സിനിമയിൽ പുതിയ മാനദണ്ഡം സൃഷ്‌ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏവര്‍ക്കും അറിയേണ്ടത് ഒന്ന് മാത്രം. ജവാന് ഒരു തുടര്‍ച്ച ഉണ്ടാകുമോ എന്ന്.
ജവാന്‍ രണ്ടാം ഭാഗത്തെ കുറിച്ച് ഒരു മാധ്യമത്തോട് അറ്റ്‌ലി തന്‍റെ ആശയം പങ്കുവച്ചിരുന്നു. 'എന്‍റെ ഓരോ സിനിമയ്ക്കും ഒരു തുറന്ന അന്ത്യമുണ്ട്. എന്നാൽ ഇന്നുവരെ, എന്‍റെ ഒരു സിനിമയുടെയും തുടർച്ചയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ജവാനെ സംബന്ധിച്ച്, ശക്തമായ എന്തെങ്കിലും എന്‍റെ അരികില്‍ വന്നാൽ, ഞാൻ രണ്ടാം ഭാഗം ചെയ്യും. ഞാൻ ഒരു ഓപ്പൺ എൻഡ് സൂക്ഷിച്ചിരിക്കുന്നു. ഒരു തുടർച്ചയുമായി ഇപ്പോഴോ പിന്നീടോ എനിക്ക് വരാം. പക്ഷേ, തീർച്ചയായും ഒരു ദിവസം ജവാന്‍റെ തുടർച്ചയുമായി ഞാന്‍ വരും.' -അറ്റ്‌ലി കുമാര്‍ പറഞ്ഞു.
താൻ എപ്പോഴെങ്കിലും ഒരു സ്‌പിൻ ഓഫ് ചെയ്‌താൽ അത് വിക്രം റാത്തോറിന്‍റെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അറ്റ്‌ലി വെളിപ്പെടുത്തി. 'വിക്രം റാത്തോര്‍ ആണ് എന്‍റെ നായകൻ. ഒരുപക്ഷേ ഒരു ദിവസം, ഞാൻ അതിനായി ഒരു സ്‌പിൻ ഓഫ് ചെയ്യും. നമുക്ക് കാണാം.' -അറ്റ്‌ലി പറഞ്ഞു.
തന്‍റെ ഭാവി ചിത്രങ്ങളില്‍ ശക്തമായ അച്ഛന്‍റെ കഥാപാത്രങ്ങള്‍ എഴുതാന്‍ താന്‍ ഇഷ്‌ടപ്പെടുന്നതായും അറ്റ്‌ലി പറഞ്ഞു. 'ഞാൻ ഒരു ആണ്‍കുട്ടിയുടെ അച്ഛനാണ്. അതിനാൽ ശക്തമായ അച്ഛന്‍റെ കഥാപാത്രങ്ങൾ എഴുതാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. എന്‍റെ എല്ലാ സിനിമകളിലും നിങ്ങൾക്കത് കാണാൻ കഴിയും.' -അറ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
ഷാരൂഖിനെ മനസ്സിൽ കരുതിയാണ് ജവാൻ ഒരുക്കിയതെന്നും അറ്റ്‌ലി വെളിപ്പെടുത്തി. 'ഷാരൂഖ് ഖാന് വേണ്ടി മാത്രമാണ് ജവാൻ നിർമിച്ചത്. ആര് ചെയ്യുമെന്ന് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ഒന്നാം ദിവസം മുതൽ - തിരക്കഥ, രംഗങ്ങൾ, എന്താണ് ഞാൻ ചെയ്യുന്നത്, അത് എങ്ങനെ പോയി, അങ്ങനെ ഞാൻ ഇടപഴകിയ ഒരേയൊരു വ്യക്തി വിജയ് സാറാണ്.
വിജയ് സര്‍ എനിക്ക് ഒരു സഹോദരനെ പോലെയാണ്. കൂടാതെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ഞങ്ങൾ വളരെ ഗൗരവമുള്ളവരാണ്. അങ്ങനെ അദ്ദേഹം തന്‍റെ സിനിമകളെ കുറിച്ച് പങ്കുവയ്‌ക്കാറുണ്ടായിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ ഞാനും പങ്കുവെച്ചു. അതിനാൽ അദ്ദേഹം എപ്പോഴും എനിക്ക് നട്ടെല്ലായി നിന്നു. വളരെ ഉപദേശകനും ആയിരുന്നു. ജവാനെ കുറിച്ച് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പങ്കിട്ടു. എന്നാൽ ഇത് പൂർണ്ണമായും ഷാരൂഖിന് വേണ്ടി നിർമിച്ചതാണ്.' -അറ്റ്‌ലി കുമാര്‍ പറഞ്ഞു.
Also Read:Atlee Confirms Conversations With Allu Arjun 'ജവാനേക്കാള്‍ വലുത്'; അല്ലു അര്‍ജുനുമായുള്ള സ്വപ്‌ന സിനിമയെ കുറിച്ച് അറ്റ്‌ലി