കേരളം

kerala

കെജ്‌രിവാൾ മന്ത്രിസഭയിലെ ആദ്യ വനിത മന്ത്രിയാകാനൊരുങ്ങി അതിഷി മെർലേന

By

Published : Mar 1, 2023, 10:54 PM IST

കല്‍ക്കാജി മണ്ഡലത്തിൽനിന്നുള്ള എംഎല്‍എയാണ് 41കാരിയായ അതിഷി

Atishi to become first woman minister in Kejriwal Cabinet  Atishi Marlena  അതിഷി മെർലേന  ആം ആദ്‌മി മന്ത്രിസഭ  അതിഷി  എഎപി  AAP  Aam Aadmi Party
അതിഷി മെർലേന

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ഡൽഹി മന്ത്രിസഭയിലെ ആദ്യത്തെ വനിത മന്ത്രിയാകാനൊരുങ്ങുകയാണ് ആം ആദ്‌മി പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ അതിഷി മെർലേന. ഡൽഹി മദ്യനയ കേസിൽപ്പെട്ട് അറസ്റ്റിലായതിനെത്തുടർന്ന് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ച ഒഴിവിലേക്കാണ് അതിഷി മെർലേനയെയും സൗരഭ് ഭരദ്വാജിനെയും പരിഗണിക്കുന്നത്.

കല്‍ക്കാജി മണ്ഡലത്തിൽനിന്നുള്ള എംഎല്‍എയാണ് 41കാരിയായ അതിഷി. 2020ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി സ്ഥാനാർഥി ധരോംബീർ സിങ്ങിനെ 11,422 വോട്ടുകൾക്കാണ് അതിഷി പരാജയപ്പെടുത്തിയത്. ആം ആദ്‌മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് അതിഷി.

2015-2017 കാലത്ത് സിസോദിയയുടെ വിദ്യാഭ്യാസ ഉപദേശകയായും അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗൗതം ഗംഭീറിനോട് 4.77 ലക്ഷം വോട്ടുകൾക്ക് തോറ്റ് അതിഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ വക്താവായ സൗരഭ് ഭരദ്വാജ് ഡല്‍ഹി ജലവിതരണ വകുപ്പിന്‍റെ വൈസ് ചെയര്‍മാനാണ്. 'ഡൽഹിയിലെ ഞങ്ങളുടെ പ്രവർത്തനം നിർത്തലാക്കാൻ കേന്ദ്രം ആഗ്രഹിച്ചു. എന്നാൽ അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. എന്നെയും അതിഷിയിലും വിശ്വാസമർപ്പിച്ചതിന് ഞങ്ങൾ മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രവർത്തനം തുടരും' - സൗരഭ് ഭരദ്വാജ് പറഞ്ഞു.

2013-14 കാലയളവില്‍ എഎപി മന്ത്രിസഭയിലെ അംഗമായിരുന്നു ഇദ്ദേഹം. ഗ്രേറ്റർ കൈലാഷ് നിയമസഭ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ ഭരദ്വാജ് ആം ആദ്‌മി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറായ ഭരദ്വാജ് ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ആം ആദ്‌മി പാർട്ടിയിൽ അംഗമാകുന്നതിന് മുൻപ് വളരെക്കാലം അദ്ദേഹം വിദേശത്ത് സ്വകാര്യ കമ്പനിയിൽ സേവനം അനുഷ്‌ഠിച്ചിരുന്നു.

ALSO READ:സിസോദിയയ്‌ക്കും ജെയിനും പകരം അതിഷിയും സൗരഭ്‌ ഭരദ്വാജും; പേരുകള്‍ ഗവര്‍ണര്‍ക്ക് കൈമാറി കെജ്‌രിവാള്‍

അറസ്റ്റ്, രാജി: 2021-22 വര്‍ഷത്തെ ഡല്‍ഹി എക്‌സൈസ് നയത്തിൽ അഴിമതി നടത്തി എന്ന കേസില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആയിരുന്ന മനീഷ് സിസോദിയയെ ഞായറാഴ്‌ചയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. തുടർന്ന് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഡല്‍ഹി മന്ത്രിസഭയിലെ 33 വകുപ്പുകളിൽ ആഭ്യന്തരം, ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ 18 വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നത് സിസോദിയയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദര്‍ ജെയിന്‍റെ അറസ്റ്റോടെയാണ് ആരോഗ്യവും ആഭ്യന്തരവും സിസോദിയയ്‌ക്ക് മുഖ്യമന്ത്രി കൈമാറിയത്.

കണക്കില്‍പ്പെടാത്ത സ്വര്‍ണവും പണവും ഒളിപ്പിച്ച കേസിലാണ് ഡല്‍ഹി ആരോഗ്യ മന്ത്രി ആയിരുന്ന സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു സത്യേന്ദര്‍ ജെയിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ജെയിന്‍റെ വീട്ടില്‍ നിന്ന് 2.85 കോടി രൂപയും 1.8 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തതായാണ് ഇഡി നല്‍കിയ വിവരം.

ABOUT THE AUTHOR

...view details