ന്യൂഡല്‍ഹി: മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ച ഒഴിവിലേക്ക് എഎപി എംഎല്‍എമാരായ അതിഷിയേയും സൗരഭ് ഭരദ്വാജിനെയും നിര്‍ദേശിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഇരുവരുടെയും പേരുകള്‍ ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയ്‌ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ഡല്‍ഹിയെ നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് അതിഷി മെര്‍ലേന, സൗരഭ് ഭരദ്വാജ് എന്നിവര്‍.
മദ്യനയ അഴിമതി കേസില്‍ സിസോദിയയുടെ അറസ്റ്റ്: 2021-22 വര്‍ഷത്തെ ഡല്‍ഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടത്തി എന്ന കേസില്‍ എഎപി മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആയിരുന്ന മനീഷ് സിസോദിയയെ ഞായറാഴ്‌ചയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് വിവിധ സംസ്ഥാനങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. സിസോദിയയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.
എട്ടു മണിക്കൂര്‍ നിണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. മദ്യനയവുമായി ബന്ധപ്പെട്ട കരട് നോട്ടിസില്‍ നിന്ന് നിയമ വിദഗ്‌ധന്‍റെ അഭിപ്രായം സിസോദിയ നീക്കം ചെയ്‌തു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിഐ കോടതിയെ അറിയിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ആയിരുന്നു കേസിന്‍റെ വാദം. കേസില്‍ മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് മനീഷ് സിസോദിയ. ഇതിനിടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ച് സിസോദിയ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളുകയാണ് ഉണ്ടായത്.
സത്യേന്ദര്‍ ജെയിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കോടികള്‍:കണക്കില്‍ പെടാത്ത സ്വര്‍ണവും പണവും ഒളിപ്പിച്ച കേസിലാണ് ഡല്‍ഹി ആരോഗ്യ മന്ത്രി ആയിരുന്ന സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ജെയിനെ ഇഡി അറസ്റ്റ് ചെയ്‌തത്. സത്യേന്ദര്‍ ജെയിന്‍റെ വീട്ടില്‍ നിന്ന് 2.85 കോടി രൂപയും 1.8 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തതായാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നല്‍കിയ വിവരം.
കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ജെയിന് വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ മസാജ് അടക്കമുള്ള സൗകര്യങ്ങള്‍ ജയിലില്‍ നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സിസോദിയയുടെ അറസ്റ്റിന് പിന്നാലെ എഎപിക്കെതിരെ ബിജെപി രംഗത്ത് വന്നതോടെയാണ് ഇരുവരുടെയും രാജി മുഖ്യമന്ത്രി കെജ്‌രിവാള്‍ സ്വീകരിച്ചത്.
ഡല്‍ഹി മന്ത്രിസഭയില്‍ ആഭ്യന്തരം, ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ 18 വകുപ്പുകളുടെ ചുമതലയായിരുന്നു സിസോദിയ വഹിച്ചിരുന്നത്. സത്യേന്ദര്‍ ജെയിന്‍റെ അറസ്റ്റോടെയാണ് ആരോഗ്യവും ആഭ്യന്തരവും സിസോദിയയ്‌ക്ക് മുഖ്യമന്ത്രി കൈമാറിയത്. മനീഷ് സിസോദിയയുടെ അറസ്റ്റിനും കസ്റ്റഡിക്കും പിന്നാലെ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ റവന്യൂ മന്ത്രി കൈലാഷ് ഗെലോട്ടിനും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്‌കുമാര്‍ ആനന്ദിനും നല്‍കും എന്നായിരുന്നു ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ പുറത്തു വിട്ട വിവരം. എന്നാല്‍ സിസോദിയയ്‌ക്കും ജെയിനും പകരമായി പുതിയ ആളുകള്‍ മന്ത്രിസഭയിലേക്കെത്തുന്നു എന്ന റിപ്പോര്‍ട്ടാണ് ഒടുവിലായി പുറത്തുവരുന്നത്.