ലഖ്‌നൗ: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയ സംഘത്തിലെ പ്രതിയുടെ കുടുംബം നാടുവിട്ടതായി പ്രദേശവാസികള്‍. പ്രതികളിലൊരാളായ അരുണ്‍ മൗര്യയുടെ കുടുംബമാണ് ഇരട്ടക്കൊലപാതകത്തിന് ശേഷം ഉത്തര്‍ പ്രദേശിലെ കാസ്‌ഗഞ്ച് പ്രദേശം വിട്ടുപോയത്. ഇവർ ആരെയും അറിയിക്കാതെയാണ് പോയത്, എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ALSO READ |അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മാധ്യമപ്രവര്‍ത്തകരായി എത്തിയവര്‍
ശനിയാഴ്‌ച (ഏപ്രില്‍ 15) പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജില്‍ എത്തിച്ചപ്പോഴാണ് മൂന്ന് പ്രതികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നീ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവം നടന്നയുടനെ തന്നെയാണ് ഇവരെ പിടികൂടിയത്. കാസ്‌ഗഞ്ചിലെ സോറോൺ പ്രദേശത്തെ കാദർവാഡി ഗ്രാമവാസിയാണ് അരുണ്‍. ഇന്ന് ഇടിവി ഭാരത് സംഘം ഇയാളുടെ ഗ്രാമത്തിലെത്തിയിരുന്നു. ഈ സമയം ഇയാളുടെ വീട്ടില്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു.
ആളില്ലെങ്കിലും അരുണിന്‍റെ വീടിന് പുറത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന്‍റെയും ഗോതമ്പിന്‍റെയും ചാക്കുകൾ വീടിന്‍റെ വാതിലിന് മുന്‍പില്‍ വച്ച നിലയിലാണ്. വീടിനോട് ചേർന്നുള്ള തെരുവിൽ അരുണിന്‍റെ അച്ഛൻ, ദീപക് എണ്ണ പലഹാരം വിൽക്കുന്ന ഉന്തുവണ്ടി റോഡിന്‍റെ വശത്തായി വച്ചിട്ടുണ്ട്. പ്രതിയായ അരുണിനെ അടുത്തെങ്ങും ഗ്രാമത്തിൽ കണ്ടിട്ടില്ലെന്ന് പ്രദേശവാസികളായ ശിവകുമാറും ഗായത്രിയും പയുന്നു.