പ്രയാഗ്‌രാജ്: കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശിലെ മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദ് കൊല്ലപ്പെടുന്നതിന് രണ്ടാഴ്‌ച മുമ്പ് തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കും അയക്കണമെന്ന് പറഞ്ഞ് കത്ത് നല്‍കിയിരുന്നുവെന്ന് അതിഖിന്‍റെ അഭിഭാഷകന്‍. അതിഖ് ഏല്‍പിച്ച കത്ത് ഇതിനോടകം തന്നെ അയച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, മുദ്രവച്ച കവറിലുള്ള കത്ത് നിലവില്‍ തന്‍റെ പക്കലില്ലെന്നും കത്ത് താനയച്ചതല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
'ആ കത്ത് എവിടെയോ സൂക്ഷിച്ചിരിക്കുകയാണ്. മറ്റേതോ വ്യക്തിയാണ് അതിഖിന് വേണ്ടി കത്തയച്ചത്. എന്താണ് കത്തിന്‍റെ ഉള്ളടക്കമെന്ന് എനിക്കറിയില്ല'- അതിഖിന്‍റെ അഭിഭാഷകന്‍ വിജയ് മിശ്ര പറഞ്ഞു.
തനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കിലോ അല്ലെങ്കില്‍ താന്‍ കൊല്ലപ്പെടുകയാണെങ്കിലോ മുദ്രവച്ച കവറിലെ കത്ത് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കും അയക്കണമെന്ന് അതിഖ് പറഞ്ഞിരുന്നുവെന്ന് മിശ്ര പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, അതിഖ് അഹമ്മദിന് കുറഞ്ഞത് എട്ട് തവണയെങ്കിലും വെടിയേറ്റുവെന്നാണ് റിപ്പോര്‍ട്ട്. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകള്‍ തറച്ചുകയറിയെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിഖ് അഹമ്മദിന്‍റെ സഹോദരന്‍ അഷറഫിന്‍റെ ശരീരത്തില്‍ തുളച്ചുകയറിയത് മൂന്ന് ബുള്ളറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിഖിന് എട്ട് തവണയും സഹോദരന്‍ അഷറഫിന് അഞ്ച് തവണയുമാണ് വെടിയേറ്റത്. അഷറഫിന്‍റെ പുറത്തും കഴുത്തിനും ഇടുപ്പിനുമാണ് വെടിയേറ്റത്. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി 10.30 ഓടെ നടുറോഡില്‍ വച്ചാണ് മാഫിയ തലവന്‍ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്. അതിഖിന്‍റെ മകന്‍ അസദ് അഹമ്മദിനെയും കൂട്ടാളികളെയും ഝാൻസിയിൽ വച്ച് കഴിഞ്ഞ ദിവസം യുപിഎസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വകവരുത്തിയത്.
തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് മുമ്പ് തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. കൂടുതല്‍ ആവശ്യങ്ങള്‍ക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കോടതി വിധി വന്ന് രണ്ടാഴ്‌ചയ്‌ക്കിടെയാണ് അതിഖിനെയും സഹോദരനെയും അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശേഷം, ഇരുവരുടെയും മൃതദേഹങ്ങള്‍ കസാരി മസാരി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്‌തു. ഇതേ സ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ട അതിഖിന്‍റെ മകനെയും അടക്കം ചെയ്‌തത്.
സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉന്നത അന്വേഷണത്തിനായി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദേശിക്കുകയുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകം അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് രൂപീകരിച്ചിരിക്കുന്നത്.