ജയ്‌പൂര്‍:അതിഖ് അഹമ്മദ്, അഷ്‌റഫ് അഹമ്മദ് എന്നിവരുടെ മരണങ്ങളില്‍ പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘടനയായ അല്‍ ഖ്വയ്‌ദ ഭീഷണി മുഴക്കിയതിന് പിന്നാലെ സുരക്ഷ ശക്തമാക്കി രാജസ്ഥാന്‍ പൊലീസ്. ഈദ് ദിനത്തില്‍ അല്‍ ഖ്വയ്‌ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്‍റ് സംഘടനയുടെ അസ് - സാഹബ് പുറത്തിറക്കിയ മാസികയിലാണ് ഇന്ത്യക്കെതിരായ ഭീഷണിയുള്ളത്. അതിഖ്-അഷ്‌റഫ് എന്നിവരുടെ കൊലപാതകത്തില്‍ രോഷം പ്രകടിപ്പിച്ച സംഘടന ഏഴ് പേജുള്ള മാഗസിനിലൂടെ ഇരുവരെയും രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.
ഭീഷണിയുടെ പശ്ചാത്തലില്‍ രാജസ്ഥാന്‍ പൊലീസും മറ്റ് സുരക്ഷ ഏജന്‍സികളും ജാഗ്രത ശക്തമാക്കി. രാജസ്ഥാന്‍ പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശക്തമായി നിരീക്ഷിക്കുന്നത്. ഇന്‍റലിജന്‍സ് വിഭാഗം, എടിഎസ്, എസ്ഒജി എന്നീ സുരക്ഷാസേനകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിലെ മുഴുവന്‍ സുരക്ഷ ഏജന്‍സികളും ജാഗ്രതയിലാണെന്ന് ഡിജിപി ഉമേഷ് മിശ്ര അറിയിച്ചു. സംസ്ഥാനത്തെ സെന്‍സിറ്റീവ് മേഖലകളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍-ഖ്വയ്‌ദയാണോ അതോ മറ്റേതെങ്കിലും സംഘടനയാണോ ഭീഷണിക്ക് പിന്നിലെന്നും അന്വേഷിച്ചുവരികയാണ്. എടിഎസ്-എസ്ഒജി എഡിജി അശോക് റാത്തോഡിനാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല എന്നും ഡിജിപി ഉമേഷ് മിശ്ര വ്യക്തമാക്കി.
അതേസമയം, ബിഹാര്‍ അക്രമത്തെയും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്‍ ഖ്വയ്‌ദയുടെ പ്രചരണ മാധ്യമമാണ് അസ് - സാഹബ്. ഈദുല്‍ ഫിത്തറിന് പുറത്തിറക്കിയ മാസികയില്‍ അതിഖ്, അഷ്റഫ് വധങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതിന് പുറമെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന സംഘടനാംഗങ്ങളെ മോചിപ്പിക്കുമെന്നും സംഘടന അവകാശപ്പെടുന്നുണ്ട്.