ലഖ്‌നൗ : കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പർവീൺ ഒളിവിൽ തുടരുന്നു. കഴിഞ്ഞ 50 ദിവസമായി ഷൈസ്‌ത ഒളിവിലാണ്. ഉമേഷ് പാൽ വധക്കേസിലെ ഗൂഢാലോചനയിൽ ഷൈസ്‌ത പർവീണും ഭാഗമായിരുന്നു.
ഷൈസ്‌തക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എൻകൗണ്ടറിൽ കൊല്ലപ്പെട്ട മകൻ അസദിന്‍റെ ശവസംസ്‌കാര ചടങ്ങുകളിൽ ഷൈസ്‌ത പങ്കെടുക്കുമെന്നായിരുന്നു പൊലീസിന്‍റെ പ്രതീക്ഷ. എന്നാൽ ഇവർ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയോ പൊലീസിൽ കീഴടങ്ങുകയോ ചെയ്‌തില്ല. അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടതിന് പിന്നാലെ ഷൈസ്‌ത പർവീൺ പൊലീസിൽ കീഴടങ്ങുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇവർ ഒളിവിൽ തുടരുകയാണ്.
അതിഖ് അഹമ്മദിന്‍റെയും സോഹദരൻ അഷ്‌റഫ് അഹമ്മദിന്‍റെയും അസദ് അഹമ്മദിന്‍റെയും കൊലപാതകങ്ങളോടെ എൻകൗണ്ടർ എന്ന ഭയം ഷൈസ്‌തയെയും അലട്ടുന്നുണ്ടാകാമെന്നും അതുകൊണ്ടാണ് പൊലീസിൽ കീഴടങ്ങാത്തതെന്നുമാണ് ഉയർന്നുവരുന്ന ആരോപണം.
ഏപ്രിൽ 13ന് ഝാൻഡിയിൽ യുപി എസ്‌ടിഎഫ് നടത്തിയ ഏറ്റുമുട്ടലിൽ അസദും കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടു. മകൻ അസദിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അതിഖിനെ അനുവദിച്ചിരുന്നില്ല. ആക്രമണ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അസദിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ഷൈസ്‌തയുടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളായ അഹ്‌ജാമും അബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലാണ്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. മൂത്ത മകൻ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്.