പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലേക്കുള്ള യാത്രക്കിടെ തന്നെ യുപി പൊലീസ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി കുപ്രസിദ്ധ ഗുണ്ട നേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദ്. അഹമ്മദാബാദിലെ സബർമതി ജയിലിൽ നിന്നും പ്രയാഗ്‌രാജിലേക്കുള്ള യാത്രക്കിടെ പൊലീസ് വാഹന വ്യൂഹം മധ്യപ്രദേശിലെ ശിവപുരിയിലെത്തിയപ്പോഴാണ് അതിഖ് അഹമദ് യാത്രയെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് വന്‍ സുരക്ഷയില്‍ അതിഖ് അഹമ്മദിനൊപ്പമുള്ള പൊലീസ് സംഘം അഹമ്മദാബാദില്‍ നിന്നും യാത്ര തിരിച്ചത്. ഇന്ന് രാവിലെയോടെ വാഹന വ്യൂഹം മധ്യപ്രദേശിലെ ശിവപുരിയില്‍ അല്‍പനേരം നിര്‍ത്തി. ഈ സമയത്താണ്, തന്നെയും ഉത്തര്‍പ്രദേശ് പൊലീസ് വികാസ് ദുബയെ കൊല ചെയ്‌ത പോലെ കൊലപ്പെടുത്തുമെന്ന ആശങ്ക അതിഖ് അഹമ്മദ് പ്രകടിപ്പിച്ചത്. സബര്‍മതി ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 'അവരുടെ പദ്ധതി എന്താണെന്ന് എനിക്ക് അറിയാം, അവരെന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു'- എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് അതിഖ് പറഞ്ഞത്.
കൊല്ലപ്പെട്ട ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അതിഖ് അഹമ്മദിന്‍റെ ശിക്ഷ നാളെയാണ് പ്രയാഗ്‌രാജ് കോടതി വിധിക്കുന്നത്. ശിക്ഷ വിധിക്കുന്ന ദിവസം കേസിലെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലേക്കെത്തിക്കാന്‍ യുപി പൊലീസ് അഹമ്മദാബാദിലെത്തിയത്.
2019 ജൂണിലാണ് അതിഖ് അഹമ്മദിനെ സബര്‍മതി ജയിലിലേക്ക് മാറ്റിയത്. വ്യവസായി മോഹിത് ജയ്‌സ്വാളിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.