പ്രയാഗ്‌രാജ്:മുന്‍ എംപിയും മാഫിയ തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും കൊല്ലപ്പെട്ട സംഭവത്തില്‍ വീഴ്‌ചയുണ്ടായതായി അറിയിച്ച് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. ഷാഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് അശ്വനി കുമാർ സിങ്, ഒരു സബ് ഇന്‍സ്‌പെക്‌ടര്‍, മൂന്ന് കോണ്‍സ്‌റ്റബിള്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ അനാസ്ഥ കാണിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചതോടെയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്‌തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികളെ റിമാന്‍ഡില്‍ വിട്ടു:അതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തില്‍ അന്വേഷണം നടത്തുന്നതിനായി കമ്മിഷണർ രമിത് ശർമ്മ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നത് അഡീഷണൽ പൊലീസ് കമ്മിഷണർ (ക്രൈം) സതീഷ് ചന്ദ്രയാണ്. അതിനിടെ അതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ലവ്‌ലേഷ് തിവാരി, മോഹിത്, അരുൺ കുമാർ മൗര്യ എന്നിവരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാല് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. ബുധനാഴ്‌ച കാലത്ത് കനത്ത സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്‌റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ ബുധനാഴ്‌ച ഉച്ചക്ക് രണ്ട് മണി മുതല്‍ ഏപ്രില്‍ 23 വൈകുന്നേരം അഞ്ച് മണിവരെയാണ് കോടതി റിമാന്‍ഡ് അനുവദിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഗുലാബ് ചന്ദ്ര അഗ്രഹാരിയും വ്യക്തമാക്കി.
കേസ് എടുത്തിരിക്കുന്നത് എങ്ങനെ:കൊലപാതകത്തില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), കൂടാതെ ആയുധ നിയമപ്രകാരവും ഉള്‍പ്പടെയാണ് ഷാഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. അതേസമയം ഈ മൂന്ന് പ്രതികളെയും ഞായറാഴ്‌ച റിമാൻഡ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇതേത്തുടര്‍ന്ന് നൈനി ജയിലിലായിരുന്ന ഇവരെ സുരക്ഷ കാരണങ്ങളാൽ പ്രതാപ്‌ഗഢ് ജയിലിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
അതിഖ് അഹമ്മദ് വധം: ഏപ്രില്‍ 15 ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് നടുറോഡിൽ വച്ച് അതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തുന്നത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയാണ് അക്രമികൾ ഇവര്‍ക്ക് നേരെ വെടിയുതിർത്തത്. അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെയും കൂട്ടാളിയെയും മുന്‍ദിവസം ഝാൻസിയിൽ വച്ച് യുപി എസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വകവരുത്തിയത്.
സുരക്ഷ തേടി:തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് മുമ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതേസമയം സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്‌ചയ്ക്കിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്.