പ്രയാഗ്‌രാജ്: ഉത്തര്‍ പ്രദേശ് ഗുണ്ടാത്തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്തിയ പ്രതികളെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായി ചോദ്യം ചെയ്‌തു. മൂന്ന് പ്രതികളും ചേര്‍ന്നെടുത്ത തീരുമാനത്തിലാണ് കൊലയെന്നും പിന്നില്‍ മറ്റാരുമില്ലെന്നും പൊലീസ് പറഞ്ഞു. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നീ പ്രതികളെയാണ് ചോദ്യം ചെയ്‌തത്.
ALSO READ|അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മാധ്യമപ്രവര്‍ത്തകരായി എത്തിയവര്‍
ഉമേഷ് പാൽ വധക്കേസിൽ അറസ്റ്റിലായ അതിഖിനെയും അഷ്‌റഫിനെയും മെഡിക്കൽ കോളജിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോവുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഏപ്രിൽ 15ന് രാത്രി പ്രയാഗ്‌രാജിലാണ് സംഭവമുണ്ടായത്. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നീ മൂന്ന് ഷൂട്ടർമാരെ പൊലീസ് സംഭവം നടന്ന ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യല്‍ പല റൗണ്ടുകളായി:സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകുകയായിരുന്നു. പ്രതികള്‍ ഏപ്രിൽ 20 മുതൽ 23 വരെ പൊലീസ് റിമാൻഡിലായിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെ ഒന്നിച്ചും വെവ്വേറെയുമായി വ്യത്യസ്‌ത തരത്തിലാണ് ചോദ്യം ചെയ്‌തത്. പൊലീസ് പല റൗണ്ടുകളിലായി ചോദ്യം ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിൽ, മൂന്ന് പ്രതികളും കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.