ന്യൂഡല്‍ഹി:ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു. സംഗീതസംവിധായകൻ ഇളയരാജ, തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ്, ആത്മീയ നേതാവ് വീരേന്ദ്ര ഹെഗ്ഡെ എന്നിവർക്കൊപ്പമാണ് പി.ടി ഉഷയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തത്. നടന്‍ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് ഉഷ രാജ്യസഭാംഗമാകുന്നത്.
പി.ടി ഉഷ സത്യപ്രതിജ്ഞ ചെയ്യുന്നു പി.ടി ഉഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പി.ടി ഉഷാജിയെ പാർലമെന്‍റിൽ കണ്ടതിൽ സന്തോഷമുണ്ടെന്ന്, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ഇന്നലെ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായും ഉഷ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ജനിച്ച പി.ടി ഉഷ ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളാണ്. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ ലോക ജൂനിയർ ഇൻവിറ്റേഷൻ മീറ്റ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയിട്ടുണ്ട്. കരിയറിൽ നിരവധി ദേശീയ, ഏഷ്യൻ റെക്കോഡുകൾ അവർ സ്ഥാപിക്കുകയും തകർക്കുകയും ചെയ്‌തിട്ടുണ്ട്. 1984 ഒളിമ്പിക്‌സിൽ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അവര്‍ക്ക് 1/100 സെക്കൻഡിൽ വെങ്കല മെഡൽ നഷ്‌ടപ്പെട്ടു.
ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഹർഭജൻ സിംഗ്, ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതി, ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, എ റാവു മീന, വിജയ് സായ് റെഡി, ഖീരു മഹ്തോ, ശംഭല ശരൺ പട്ടേൽ, രഞ്ജീത് രഞ്ജൻ, മഹാരാഷ്ട്ര മാജ്ഹി, ആദിത്യ പ്രസാദ്, പ്രഫുൽ പട്ടേൽ, ഇമ്രാൻ പ്രതാപ്‌ഗർഹി, സഞ്ജയ് റൗട്ട്, സസ്‌മിത് പത്ര, സന്ദീപ് കുമാർ പതക്, വിക്രംജീത് സിംഗ് സഹാനി, രൺദീപ് സിങ് സുർജേവാൾ, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് എന്നിവര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.