മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും വിവാഹിതരായി. ബോളിവുഡ് നടനും ആതിയയുടെ പിതാവുമായ സുനിൽ ഷെട്ടിയാണ് ഇതുസംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ മഹാരാഷ്‌ട്രയിലെ ഖണ്ഡലയിലുള്ള ബംഗ്ലാവില്‍ ഇന്ന് വൈകിട്ട് നാലുമണിക്കാണ് ചടങ്ങ് നടന്നത്.
കർണാടകയിൽ വേരുകളുള്ള ആതിയയുടെയും രാഹുലിന്‍റെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. ഐപിഎല്ലിന് ശേഷം വിവാഹ സത്‌കാരം നടക്കുമെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനിലും മകൻ അഹാൻ ഷെട്ടിയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മധുരപലഹാരങ്ങൾ നല്‍കിയാണ് ഇക്കാര്യം അറിയിച്ചത്.
ഇരുവരുടെയും വിവാഹത്തെക്കുറിച്ച് മാസങ്ങളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഹല്‍ദി, മെഹന്ദി എന്നിങ്ങനെ മൂന്ന് ദിവസം നീണ്ടുനിന്നതായിരുന്നു വിവാഹ ചടങ്ങുകള്‍. ദമ്പതികള്‍ ഉടന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തേക്കും. അനുപം ഖേര്‍, ഇഷാന്ത് ശര്‍മ, അന്‍ഷുല കപൂര്‍, കൃഷ്‌ണ ഷ്രോഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെഎൽ രാഹുലും ആതിയയും 2021ലാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആതിയയുടെ പിറന്നാളിന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം ജന്മദിനം ആശംസിച്ചത് ശ്രദ്ധേയമായിരുന്നു. കൂടാതെ ഇന്ത്യന്‍ ടീമിന്‍റെ പര്യടനങ്ങളിൽ നടിയും ക്രിക്കറ്റ് താരത്തിനൊപ്പമുണ്ടായിരുന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.